കൊവിഡ് വാക്‌സിന്‍: മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമാക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്

Update: 2021-01-28 17:27 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവയ്പുമായി ബന്ധപ്പെട്ട് പുറംതള്ളുന്ന മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കേണ്ടതിനെ കുറിച്ച് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വാക്‌സിനേഷന്‍ കേന്ദ്രത്തിലെ സൗകര്യവും സാധ്യതയുമനുസരിച്ച് ആവശ്യമെങ്കില്‍ നൂറില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ പദ്ധതി തുടങ്ങിയപ്പോള്‍ 10 ശതമാനം മാലിന്യമാണ് കണക്കിലെടുത്തിരുന്നത്. അതുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മാലിന്യം സംസ്‌കരിക്കേണ്ടതിനെ കുറിച്ചും പറഞ്ഞിരുന്നു. നൂറില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ സോഫ്റ്റ് വെയറില്‍ വരുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാം, പക്ഷേ, ഡാറ്റാബേസില്‍ അതനുസരിച്ചുള്ള മാറ്റം വരുത്തണം- രാജേഷ് ഭൂണന്‍ പറഞ്ഞു.

വാക്‌സിന്‍ നല്‍കുന്നതില്‍ കുറച്ചുകൂടെ മെച്ചപ്പെടേണ്ട സംസ്ഥാനങ്ങളുടെ പേരുകള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു. ജാര്‍ഖണ്ഡ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇനിയും മെച്ചപ്പെടേണ്ടവ.

അതേസമയം ഹരിയാന, ഒഡീഷ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 50 ശതമാനത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

Tags:    

Similar News