ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും; അടിച്ചേല്‍പ്പിക്കില്ലെന്നും ബ്രസീല്‍ പ്രസിഡന്റ്

Update: 2020-12-08 03:10 GMT

മോസ്‌കോ: ബ്രസീലില്‍ പൗരന്മാര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോ. അതേസമയം വാക്‌സിന്‍ അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ വിതരണത്തിനാവശ്യമായ അനുമതിയും മാര്‍ഗനിര്‍ദേശവും പുറത്തുവന്നുകഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. എന്നാല്‍ അത് നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കുകയില്ല- ബോള്‍സൊനാരോ ട്വീറ്റ് ചെയ്തു. 

എല്ലാവര്‍ക്കു വാക്‌സിന്‍ സൗജന്യമായി നല്‍കാവുന്ന തരത്തില്‍ സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി നിര്‍മിച്ച വാക്‌സിന്റെ 15 ദശലക്ഷം ഡോസുകള്‍ 2021 ജനുവരി മാസം രാജ്യത്തെത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അടുത്ത വര്‍ഷം പകുതിയോടെ 100 ദശലക്ഷം ഡോസും രാജ്യത്ത് വിതരണത്തിന് തയ്യാറാവും. 2021 പകുതിയോടെ 160 ദശലക്ഷം ഡോസ് രാജ്യത്തുതന്നെ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി എഡ്വേഡൊ പാസുവെല്ല അവകാശപ്പെട്ടു.

കൊവിഡ് വ്യാപനത്തില്‍ ബ്രസീല്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് ഇതുവരെ 6.6 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് മരണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 1,77,300 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

Tags:    

Similar News