കൊവിഡ് വകഭേദം: രാജ്യത്തെ രോഗബാധിതരുടെ എണ്ണം 20ആയി

Update: 2020-12-30 05:41 GMT

ന്യൂഡല്‍ഹി: 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ജനിതകമാറ്റം വന്ന കൊവിഡ് രോഗികളുടെ എണ്ണം 20 ആയി. ഇന്ത്യന്‍ സാര്‍സ് കോവ്-2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം ലാബിനെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

നിംഹാന്‍സ് ബംഗളൂരു, സിസിഎംബി ഹൈദരാബാദ്, എന്‍ഐവി പൂനെ, എന്‍സിഡിസി ഡല്‍ഹി, ഐജിഐബി ഡല്‍ഹി, എന്‍ഐബിജി കല്യാനി തുടങ്ങിയ ലാബുകളിലാണ് സാംപിള്‍ പരിശോധന നടക്കുന്നത്.

നേരത്തെ ബ്രിട്ടനില്‍ നിന്നെത്തിയ 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ രോഗബാധ സ്ഥിരീകരിച്ച മുഴുവന്‍ പേലും സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണ്. ഇവരോടൊപ്പം യാത്ര ചെയ്തവരെയും ഇവരുടെ സമ്പര്‍ക്കപ്പെട്ടികയിലുള്ളവരെയും സര്‍ക്കാര്‍ ക്വാറന്റീനിലേക്കയച്ചിട്ടുണ്ട്. അവരുടെ ജിനോം സീക്വന്‍സിങ് നടന്നുകൊണ്ടിരിക്കുകയാണ്.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ 33,000 പേരാണ് വിവിധ വിമാനത്താവളങ്ങള്‍ വഴി ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇവരെ കണ്ടത്താനും ആര്‍ടി - പിസിആര്‍ പരിശോധന നടത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

രാജ്യത്തെ 10 ലാബുകളെ ജനിതകമാറ്റം വന്ന കൊവിഡ് പരിശോധിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍ഐബിഎംജി കൊല്‍ക്കത്ത, ഐഎല്‍എസ് ഭുവനേശ്വര്‍, എന്‍ഐവി പൂനെ, സിസിഎസ് പൂനെ, സിസിഎംബി ഹൈദരാബാദ്, സിഡിഎഫ്ഡി ഹൈദരാബാദ്, ഇന്‍സ്‌റ്റെം ബെംഗളൂരു, നിംഹാന്‍സ് ബെംഗളൂരു, ഐജിബി ദില്ലി, എന്‍സിഡിസി ഡല്‍ഹി എന്നിവയാണ് അവ.

ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ രോഗം സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങള്‍.

Tags:    

Similar News