ഒമിക്രോണ്‍: ഷി ജിന്‍പിങിനെ രക്ഷിക്കാനോ?; കൊവിഡ് പുതിയ വകഭേദത്തിന്റെ പേരിനെചൊല്ലി വിവാദം

ഇതു പ്രകാരം പുതിയ കൊറോണ വൈറസ് (SARSCoV2) വകഭേദമായ B.1.1.529നെപ്പറ്റിയുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലോകാരോഗ്യ സംഘടന അതിനെ 'നൂ' വേരിയന്റ് എന്ന് നാമകരണം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Update: 2021-11-27 15:50 GMT

ജനീവ: കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ പേരിനെചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. ഗ്രീക്ക് അക്ഷരമാലയുടെ അടിസ്ഥാനത്തിലാണ് കൊവിഡ് വകഭേദത്തിന് ഇതുവരെ പേര് നല്‍കിയത്. ഇതു പ്രകാരം പുതിയ കൊറോണ വൈറസ് (SARSCoV2) വകഭേദമായ B.1.1.529നെപ്പറ്റിയുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലോകാരോഗ്യ സംഘടന അതിനെ 'നൂ' വേരിയന്റ് എന്ന് നാമകരണം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്തത് ഷി (xi) എന്നുമാണ് ഇടേണ്ടത്.

അതിനിടെ, വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ പാനല്‍ യോഗം ചേര്‍ന്നതിന് ശേഷം ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാനയിലും കണ്ടെത്തിയ പുതിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും അതിനെ 'ഒമിക്രോണ്‍' വകഭേദമെന്ന് നാമകരണം ചെയുന്നതായി പ്രഖ്യാപിക്കുന്നതായും അറിയിക്കുകയായിരുന്നു. ഇതോടെയാണ് ലോകാരോഗ്യ സംഘടന എന്തുകൊണ്ട് ഗ്രീക്ക് അക്ഷരമാലയിലെ നു (Nu), സൈ (Xi) എന്നീ രണ്ട് അക്ഷരങ്ങള്‍ ഒഴിവാക്കിയെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്. 'നൂ' എന്ന പദം പുതിയത് എന്ന് അര്‍ത്ഥം വരുന്ന 'ന്യു' എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നല്‍കാതിരുന്നതെന്നും അതിന് ശേഷം വരുന്ന സൈ (Xi) എന്ന വാക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേരുമായി സാമ്യമുള്ളതിനാലാണെന്നുമൊക്കെ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറയുകയാണ്.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രഫസറായ എപ്പിഡെമിയോളജിസ്റ്റ് മാര്‍ട്ടിന്‍ കള്‍ഡോര്‍ഫിന്റെ വിശദീകരണമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധേയമാകുന്നത്. കൊറോണ വൈറസ് വകഭേദത്തെ സൈ ('Xi') വകഭേദം എന്ന് വിളിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന അക്ഷരമാല രണ്ടക്ഷരം ചാടി പുതിയ വകഭേദത്തിന് 'ഒമിക്രോണ്‍' എന്ന് പേര് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേരുമായി സാമ്യം വരുന്നതിനാല്‍ ഒരു വിവാദം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് സമുഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്.

അതേസമയം, 'ന്യു' എന്ന വാക്കുമായുള്ള സാമ്യമുള്ളതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനും ചൈനയെ അപകീര്‍ത്തിപ്പെടുത്താതിരിക്കാനും യഥാക്രമം 'നൂ' (Nu), 'സൈ' (Xi) എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കിയതായി ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ദി ടെലിഗ്രാഫിലെ മുതിര്‍ന്ന എഡിറ്റര്‍ പോള്‍ നുകി അവകാശപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, കൊവിഡ് വകഭേദത്തില്‍ നിലവിലുള്ള ഏറ്റവും അപകടകാരിയാണ് ഒമൈക്രോണ്‍. ഓരോ ഭൂഖണ്ഡത്തിലും പുതിയ തരംഗത്തിനായിരിക്കും ഇത് തിരികൊളുത്താന്‍ പോവുന്നതെന്നാണ് മുന്നറിയിപ്പ്. വന്‍ തോതില്‍ ജനിതകമാറ്റം ഒമൈക്രോണിന് സംഭവിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഇതിന് സാധിക്കുമെന്ന ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

നേരത്തെ കണ്ടെത്തിയ വൈറസ് വകഭേദത്തിനേക്കാള്‍ അതിവേഗത്തിലാണ് ഒമൈക്രോണ്‍ വ്യാപിക്കുന്നതെന്നാണ് സൂചന. വൈറസിന്റെ സ്വഭാവം മനസ്സിലാക്കാന്‍ നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. വിവരങ്ങള്‍ കൃത്യ സമയത്ത് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും നല്‍കുമെന്നും സംഘടന അറിയിച്ചു.

Tags:    

Similar News