ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സംസ്‌കാരച്ചടങ്ങില്‍ കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചു; സാമൂഹിക മാധ്യങ്ങളില്‍ വ്യാപകപ്രതിഷേധം
തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സംസ്‌കാരച്ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരേ വ്യാപകപ്രതിഷേധം. മാനദണ്ഡങ്ങള്‍ ലംഘിച്ച് ആചാരവെടിയും നൂറുകണക്കിന് പേര്‍ പങ്കെടുത്തതിലുമാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. നിരവധി പേര്‍ പങ്കെടുത്തതും ആചാരവെടി മുഴക്കുന്നതിന്റെയും ചിത്രത്തോടൊപ്പമാണ് പലരും സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.
സാധാരണക്കാര്‍ക്കെതിരേ കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമ്പോള്‍ അധികാരത്തിലിരുന്ന ഒരാളുടെ സംസ്‌കാരച്ചടങ്ങില്‍ പോലിസ് തന്നെ നിയമലംഘനം നടത്തിയതിനെതിരേയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതിനെക്കുറിച്ച് നിരവധി ട്രോളുകളും പുറത്തുവന്നിട്ടുണ്ട്.
കൊട്ടാരക്കര കീഴൂട്ടു വീട്, പുനലൂരിലെ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനവും പോലിസ് അനുവദിച്ചു. തുടര്‍ന്നാണ് വാളകത്തെ തറവാട്ട് വീട്ടില്‍ പോലിസ് അകമ്പടിയോടെ സംസ്‌കരിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരണാനന്തരച്ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്.
''മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത് എന്ന് കര്‍ശന നിര്‍ദേശമുള്ളിടത്ത്, നാട്ടുകാര്‍ അത്യാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പോലും പോലിസ് പിഴ ചുമത്തുന്നിടത്ത് ആര്‍ ബാലകൃഷ്ണപിള്ള എന്ന മാടമ്പിയുടെ മരണാനന്തര ചടങ്ങില്‍ നിയമലംഘനം നടത്താന്‍ നേതൃത്വം നല്‍കുന്നത് പോലിസ് തന്നെ''- നാട്ടുകാര്‍ക്ക് ഒരു നീതി, അധികാരമുള്ളവര്‍ക്ക് മറ്റൊരു നീതിയെന്നാണ് ജെയ്‌സണ്‍ സി കൂപ്പര്‍ അഭിപ്രായപ്പെട്ടത്.
''ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ മരണാനന്തര ചടങ്ങാണ്. 20 പേര് മാത്രമെ പങ്കെടുക്കാവൂ അകലം പാലിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇത്തരം ആളുകള്‍ക്ക് ബാധകമല്ല. വലിയ നായര്‍ തറവാടികളും അധികാരികളും ഒക്കെ അല്ലെ . ഇങ്ങനെ ആണ് നമ്മുടെ നാട് . നിയമം എല്ലാവരോടും ഒരേ ഭാഷയില്‍ അല്ല സംസാരിക്കുക. ചിലരോടത് ക്രൂരവും ചിലരോടത് മൃദുലവുമാണ്''- ആകാശത്തേക്കുള്ള ഈ വെടിയെങ്കിലും ഒഴിവാക്കാമായിരുന്നില്ലെയെന്നാണ് രാഷ്ട്രീയപ്രവര്‍ത്തകനായ റഷീദ് സി പി ചോദിക്കുന്നത്.
''ഇന്നലെ വരെ കണ്ടതാണ്, ഒറ്റയ്ക്ക് കടയിലേക്ക് പോകുന്ന സാധാരണക്കാരന്റെ നേര്‍ക്ക് അധികാരത്തിന്റെ ധാര്‍ഷ്ട്യം പ്രയോഗിക്കുന്ന പോലീസുകാരനെ! കസ്റ്റമേര്‍സായി നാലു പേര്‍ മാത്രമുണ്ടായിരുന്ന കടയുടെ ഉടമസ്ഥനെ പോലീസുകാര്‍ വിരട്ടുന്നത്! താമസിക്കുന്ന സ്ഥലത്തിനു തൊട്ടു താഴെ, രാത്രി ഉറങ്ങാന്‍ എത്തുന്ന അഗതികളായ വൃദ്ധരായ തമിഴ് നാടോടികളെ അറഞ്ചം പുറഞ്ചം തല്ലിയോടിച്ച പോലിസുകാരുമായി നീണ്ട വാഗ്വാദത്തിലേര്‍പ്പെട്ടിട്ടും അധികകാലമായില്ല. എല്ലാം ജനങ്ങളുടെ സുരക്ഷയെ കരുതിയാണത്രേ!
ഇതാ , സാധാരണക്കാരനു നേരെ തിരിയുന്ന അധികാരത്തിന്റെ ചൂരല്‍ വടികളും ബയണറ്റും, ഒരു മാടമ്പിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി സല്യൂട്ട് ചെയ്യുന്നു!''- ഷെയിം ഓണ്‍ യു കേരള പോലിസ് എന്ന ഹാഷ് ടാഗോടെയാണ് എഴുത്തുകാരനായ കെ സഹദേവന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ചയാണ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനായ ബാലകൃഷ്ണപ്പിള്ള വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. യുഡിഎഫിന്റെ സ്ഥാപകനേതാവായിരുന്ന ബാലകൃഷ്ണപ്പിള്ള എംഎല്‍എയും എംപിയുമായിരുന്നു. നിരവധി മന്ത്രിസഭകളില്‍ മന്ത്രിയുമായിരുന്നു. നിലവില്‍ മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ അധ്യക്ഷനാണ്.