കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; യുപിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ 2,500 സമാജ് വാദി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
ലഖ്‌നോ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഓഫിസിനുമുന്നില്‍ തടിച്ചുകൂടിയ 2,500 സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ യുപി പോലിസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതുപ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ബിജെപി വിട്ട വിമത എംഎല്‍എമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
ഓഫിസിനുമുന്നില്‍ തിങ്ങിക്കൂടിയ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പലരും മാസ്‌ക് ധരിച്ചിരുന്നില്ല.
ജനുവരി 15ാം തിയ്യതി വരെ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റാലികളും റോഡ് ഷൊകളും വഴിയോര പൊതുയോഗങ്ങളും നിരോധിച്ചിട്ടുണ്ട്.
യുപിയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വലിയ റാലികള്‍ നടത്തുന്നുണ്ടെങ്കിലും സമാജ് വാദി പാര്‍ട്ടിക്കെതിരേ മാത്രാണ് കേസെടുത്തിട്ടുള്ളത്.
യോഗി സര്‍ക്കാരിലെ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ധര്‍മ സിങ് സെയ്‌നിയും അഞ്ച് ബിജെപി എംഎല്‍എമാരുമാണ് കഴിഞ്ഞ ദിവസം അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ സമാജാ വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഗൗതം പള്ളി പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചാണ് നടപടി.
സമാജ് വാദി പാര്‍ട്ടിക്കാര്‍ പരിപാടി നടത്തുന്നത് അനുമതിയില്ലാതെയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തി കേസെടുത്തത്.
അതേസമയം പരിപാടി ഓണ്‍ലൈനായാണ് നടത്തിയതെന്നും ആരെയും ക്ഷണിച്ചിരുന്നില്ലെന്നും എസ് പി നേതാവ് നരേഷ് ഉത്തം പട്ടേല്‍ പറഞ്ഞു. ജനങ്ങള്‍ പലയിടങ്ങിലും തിങ്ങിക്കൂടിയിരുന്നു. മാര്‍ക്കറ്റിലും ബിജെപി മന്ത്രിമാരുടെ വീടുകളിലും. പക്ഷേ, സര്‍ക്കാരിന് സമാജ് വാദിപാര്‍ട്ടിയോടുമാത്രമേ പ്രശ്‌നമുള്ളുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
16 പോയിന്റുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
യുപിയില്‍ പ്രത്യേകിച്ച് ലഖ്‌നോവില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്.
യുപിയില്‍ ഇതുവരെ 30 ശതമാനം പേരാണ് രണ്ട് വാക്‌സിനുകളും എടുത്തിട്ടുള്ളത്.