യുഎസ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൊവിഡ് വാക്‌സിന് ഇറാനില്‍ വിലക്ക്
തെഹ്‌റാന്‍: അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍നിന്നുള്ള കോവിഡ് വാക്‌സിനുകള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈ. ഇരു രാജ്യങ്ങളെയും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു. അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍നിന്നുള്ള വാക്‌സിനുകള്‍ 'വിലക്കപ്പെട്ടവ'യാണെന്ന് അദ്ദേഹം പറഞ്ഞു. 'ഞാന്‍ അവരെ ഒട്ടും വിശ്വസിക്കുന്നില്ല. ചിലപ്പോള്‍ അവര്‍ അവരുടെ വാക്‌സിന്‍ മറ്റു രാജ്യങ്ങളില്‍ പരീക്ഷിക്കുകയായിരിക്കും. ഫ്രാന്‍സിനെക്കുറിച്ചും എനിക്ക് ഒട്ടും ശുഭപ്രതീക്ഷയില്ല', അദ്ദേഹം പറഞ്ഞു.
എന്നാല്‍ സുരക്ഷിതമായ മറ്റു സ്ഥലങ്ങളില്‍നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് എതിരല്ലെന്നും ഖാംനഈ പറഞ്ഞു. ഇറാനിലെ ഒരുവിഭാഗം നേരത്തെ മുതല്‍ അമേരിക്കയില്‍നിന്നുള്ള വാക്‌സിന്‍ ഇറക്കുമതിയെ എതിര്‍ക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഒരു വാക്‌സിനും ഇറാനില്‍ വിതരണം ചെയ്യരുതെന്ന് റവല്യൂഷണറി ഗാര്‍ഡ് ഡിസംബറില്‍ ആവശ്യപ്പെട്ടിരുന്നു. ഇറാനില്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.