കൊവിഡ്; രോഗവിമുക്തരായി ഏഴ് പേര്‍ കൂടി വീട്ടിലേക്ക് മടങ്ങി

Update: 2020-06-01 11:52 GMT

മലപ്പുറം: കൊവിഡ് മഹാമാരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് വീണ്ടും അഭിമാന നിമിഷം. വിദഗ്ധ ചികില്‍സക്കു ശേഷം രോഗമുക്തരായ ഏഴ് പേര്‍ പൂര്‍ണാരോഗ്യത്തോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ് ഇവര്‍. 

ഗര്‍ഭിണിയായ തിരൂര്‍ ബിപി അങ്ങാടി കോട്ടത്തര്‍മായിന്‍കണ്ടത്ത് വീട്ടില്‍ അന്‍വാറ (27), ഇവരുടെ മൂന്ന് വയസുള്ള മകന്‍ ധയ്യാന്‍, കണ്ണമംഗലം എടക്കാപ്പറമ്പ് ടി.പി മന്‍സില്‍, അമീന്‍ (21), ഇരിമ്പിളിയം മങ്കേരി ചവരേങ്ങ സുധീഷ് (36), കൂട്ടിലങ്ങാടി കീരംകുണ്ട് ഉമ്മത്ത് ആഷിഖ്(23), പാലക്കാട് നെല്ലായ പുല്ലൂനിയില്‍ രാജേഷ് (39), വെളിയങ്കോട് പുതിയവീട്ടില്‍ ഷഫീര്‍ (35 ) എന്നിവരാണ് രോഗമുക്തരായത്.

മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയാണ് ഗര്‍ഭിണിയായ അന്‍വാറയും മകനും തിരിച്ചെത്തിയത്. തുടര്‍ന്ന് മെയ് 12ന് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. പ്രസവ സംബന്ധമായ തുടര്‍ ചികില്‍സയ്ക്കായി ഏഴ് ദിവസത്തിനുശേഷം അന്‍വാറ വീണ്ടും മെഡിക്കല്‍ കോളജിലെത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ക്വലാലംപൂരില്‍ നിന്ന് മെയ് 10 ന് തിരിച്ചെത്തിയ അമീന് മെയ് 21 നാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 12 ന് മാലി ദ്വീപില്‍ നിന്ന് എത്തിയ സുധീഷിന് മെയ് 23 നും രോഗബാധ സ്ഥിരീകരിച്ചു. മെയ് 12 ന് സിങ്കപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയ ആഷിഖിന് മെയ് 23 നാണ് രോഗബാധ സ്ഥിരീകരിച്ചത്. പാലക്കാട് നെല്ലായ സ്വദേശിയായ രാജേഷ് മെയ് 13 നാണ് കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രാജേഷിന് രോഗബാധ സ്ഥിരീകരിക്കുകയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാവുകയും ചെയ്തു. മെയ് ഏഴിന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ ശേഷം കൊവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 നാണ് ഷഫീറിന് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഏഴുപേരും 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.

മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എംപി. ശശി, സൂപ്രണ്ടും കൊവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫിസറുമായ ഡോ. കെവി നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ഷീന ലാല്‍, ഡോ. ഇ അഫ്സല്‍, നോഡല്‍ ഓഫിസര്‍ ഡോ. പി. ഷിനാസ് ബാബു, ആര്‍എംഒമാരായ സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ. ജലീല്‍, സന്നദ്ധപ്രവര്‍ത്തകരായ ഹമീദ് കൊടവണ്ടി, അബ്ദുല്‍ റഷീദ് എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് രോഗം ഭേദമായവരെ യാത്രയാക്കിയത്.


Tags:    

Similar News