പരപ്പനങ്ങാടി: പോലിസിന്റെ നടപടി ജനദ്രോഹമാണന്നാരോപിച്ച് സിപിഎം പരപ്പനങ്ങാടിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. പരപ്പനങ്ങാടി പോലിസിനെതിരെയാണ് സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കുന്നത്. പരപ്പനങ്ങാടി സിഐ ഹണി കെ ദാസിനെ അടക്കം പ്രതിക്കൂട്ടിലാക്കിയാണ് സിപിഎമ്മിന്റെ പ്രതിഷേധം. ഇദ്ദേഹം പരപ്പനങ്ങാടിയില്‍ ചാര്‍ജെടുത്തത് മുതല്‍ വിവാദങ്ങള്‍ പതിവാണ്. പലപ്പോഴും സത്യസന്ധമായ നടപടികള്‍ കൈക്കൊള്ളാറുണ്ടങ്കിലും പലതും ഈ ഉദ്യോഗസ്ഥന് വിനയാവാറുണ്ട്.
ഭരണകക്ഷിയുടെ തൃപ്തിക്കനുസരിച്ച് നീങ്ങാത്തതാണ് പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രതിഷേധവുമായി സിപിഎം രംഗത്തുവരാന്‍ കാരണം. കഴിഞ്ഞയാഴ്ച പരപ്പനങ്ങാടി മുറിക്കല്‍ റോഡില്‍ രാത്രി 8.30 ഓടെ കൂട്ടം കൂടിയിരുന്ന യുവാക്കളെ ഇതുവഴി വന്ന പരപ്പനങ്ങാടിയില്‍ പുതിയതായി ചാര്‍ജെടുത്ത എസ്‌ഐ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ കൂടിയായ യുവാക്കളില്‍ ഒരാള്‍ അടക്കം എസ്‌ഐയെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.
യുവാക്കള്‍ പോലിസിനെ ആക്രമിച്ചതായി പോലിസ് പറയുന്നു. ഇവര്‍ക്കെതിരേ പാര്‍ട്ടി നേതാക്കളുടെ വിലക്ക് ലംഘിച്ച് കേസെടുത്തതോടെയാണ് പരപ്പനങ്ങാടി പോലിസിന്റെ നടപടിക്കെതിരേ സിപിഎം രംഗത്തുവരുന്നത്. നേരത്തെ പല വിവാദങ്ങളിലും പരപ്പനങ്ങാടി പോലിസിന്റെ നടപടി ന്യായീകരിച്ച് ഒപ്പം നിന്ന ഭരണകക്ഷിയിലെ പ്രധാനപ്പെട്ട പാര്‍ട്ടി ഇപ്പോള്‍ രംഗത്തുവരുന്നത് വിവാദമായിട്ടുണ്ട്. ഈയടുത്ത കാലങ്ങളില്‍ ചില കേസുകളില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനുകൂല നടപടി സ്വീകരിക്കാത്തതും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചതായാണ് വിവരം. നാളെ വൈകീട്ട് നടക്കുന്ന പ്രതിഷേധ പൊതുയോഗം സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ടി സോഫിയ സംബന്ധിക്കും.