കാണാതായ മകളെ തേടിയെത്തിയതിന് മര്‍ദ്ദനം; പരപ്പനങ്ങാടി പോലിസിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Update: 2023-05-06 09:19 GMT
മലപ്പുറം: കാണാതായ 18 വയസ്സുകാരിയായ മകളെ കണ്ടത്തിയെന്ന വിവരത്തെ തുടര്‍ന്നെത്തിയ മാതാപിതാക്കളെയും ബന്ധുക്കളേയും പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ വച്ച് ആക്രമിച്ച പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇരകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറോടയാണ് കാണാതായ മകളെ തേടിയെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ വച്ച് ആക്രമിച്ചത്. പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ പരാതിക്കാരിയായ എനിക്കും കുടുംബത്തിനും നേരെയുണ്ടായ അതിക്രമത്തിനും അപമാനത്തിനും കാരണക്കാരായ പോലിസുകാര്‍ക്കെതിരെ നടപടി ആവശ്യപെട്ട് മുഖ്യമന്ത്രി, ഡിജിപി, എസ്പി. എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സര്‍സീനയും പിതാവും ബന്ധുക്കളും പങ്കെടുത്തു.


വാര്‍ത്താസമ്മേളനത്തില്‍ കുടുംബം പറഞ്ഞത്:

മകളെ കാണാനില്ലെന്ന് കാണിച്ച് ഞങ്ങള്‍ തേഞ്ഞിപ്പലം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടുദിവസങ്ങള്‍ക്ക് ശേഷം തേഞ്ഞിപ്പലം പോലിസ് കുട്ടിയെ കണ്ടത്തിയെന്നും രാവിലെ എട്ടിന് സ്‌റ്റേഷനില്‍ വരണമെന്നും പറഞ്ഞു. കൃത്യസമയം എത്തിയ പരാതിക്കാരിയായ എന്റെ ഭര്‍ത്താവിനെ ഒന്നു ഇരിക്കാന്‍ പോലും അനുവദിക്കാതെ പൊരി വെയിലത്ത് നിറുത്തുകയായിരുന്നു. പിന്നീട് വൈകീട്ട് മൂന്നിനു ശേഷമാണ് കുട്ടിയെ കാണാന്‍ പറ്റിയത്. പരാതിക്കാരിയായ എനിക്ക് എന്റെ മകളോട് സംസാരിക്കാന്‍ പോലും പറ്റാത്ത രീതിയിലാണ് പോലിസ് പെരുമാറിയത്. ഇതിന് ശേഷം പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി ആദ്യം ഞങ്ങളുടെ കൂടെ പോവുകയാണന്ന് പറഞ്ഞു. എന്നാല്‍ എന്റെ മകളെ തട്ടിക്കൊണ്ട് പോയ വിഷ്ണു എന്നയാള്‍ ആത്മഹത്യ ഭീഷണി മുഴക്കി കുട്ടിയെ കോടതി വളപ്പില്‍ വച്ച് ഭീതിയിലാക്കി. ഞങ്ങടെ കൂടെ ആദ്യം പോവാന്‍ അനുവദിച്ച കുട്ടിയെ ഇയാള്‍ പിടിക്കുന്നത് നോക്കി നിന്ന പോലിസ് വീണ്ടും മൊഴിമാറ്റി പറയാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. വിഷ്ണു എന്നയാള്‍ കാടപ്പടിയിലെ ബിജെപി ക്കാരനാണ്. ഇയാളുടെ കൂടെ വന്ന പ്രവര്‍ത്തകര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബഹളമായപ്പോള്‍ തൊട്ടടുത്ത പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനിലേക്ക് കുട്ടിയെ ബലമായി കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച ഞങ്ങളെ പോലിസ് തടഞ്ഞു. മകളെ കോടതി വളപ്പില്‍ നിന്ന് പിടിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അനങ്ങാതിരുന്ന പോലിസുകാരാണ് ഞങ്ങളെ തടഞ്ഞത്. ഞാന്‍ വീണ്ടും മകളെ ഒന്നു കാണണമെന്ന് പറഞ്ഞപ്പോള്‍ പരപ്പനങ്ങാടി സ്‌റ്റേഷനിലുണ്ടായിരുന്ന ഒരു പോലിസുകാരന്‍ എന്നെ ലാത്തി കൊണ്ടടിച്ചു. അടിക്കുന്നത് കണ്ടെത്തിയ എന്റ കുടുംബാഗങ്ങളേയും പോലീസുകാല്‍ ലാത്തി കൊണ്ടടിച്ചു. എന്ന് മാത്രമല്ല ആദ്യം മര്‍ദ്ദിച്ച പോലിസുകാരന്‍ എന്റെ മാറിടത്തില്‍ പരസ്യമായി പിടിച്ചുതള്ളുകയും വസ്ത്രം കീറുകയും ചെയ്തു. പരസ്യമായി എന്നെ അപമാനിക്കുകയും ഞങ്ങളെ ആക്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ലാത്തിയടിയേറ്റ പാടുമായി ഞങ്ങള്‍ രാത്രി തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Tags:    

Similar News