ന്യൂഡല്‍ഹി: മുസ്‌ലിംകളെ പൈശാചികവല്‍ക്കരിക്കാന്‍ സംഘപരിവാരം 2024ല്‍ നിരവധി വാക്കുകളും പ്രയോഗങ്ങളും കൊണ്ടുവന്നു. വര്‍ഷങ്ങളായി ഇടതടവില്ലാതെ ഉപയോഗിക്കുന്ന 'ലവ് ജിഹാദിന്' പുറമേ മറ്റു ചില 'ജിഹാദ്' പ്രയോഗങ്ങളും പുതുതായി അവതരിപ്പിച്ച വര്‍ഷമാണ് കഴിഞ്ഞുപോയത്. ഇസ്‌ലാമിക വിശ്വാസങ്ങളുമായും തത്വങ്ങളുമായും ജീവിതരീതികളുമായും യാതൊരുവിധ ബന്ധവുമില്ലാത്ത ഇത്തരം പ്രയോഗങ്ങളെല്ലാം വര്‍ഗീയ ചേരിതിരിവിനും കലാപങ്ങള്‍ക്കും രാഷ്ട്രീയനേട്ടത്തിനുമാണ് സംഘപരിവാരം ഉപയോഗിച്ചത്.
1) 'ലവ് ജിഹാദ്'
മുസ്‌ലിം പുരുഷന്‍മാര്‍ ഇതര സമുദായങ്ങളിലെ സ്ത്രീകളുമായി നടത്തുന്ന എല്ലാതരം ഇടപഴകലുകളെയും സാമൂഹികമായും നിയമപരമായും കുറ്റകരമാക്കുന്ന പ്രയോഗമാണിത്. ഒന്നര പതിറ്റാണ്ടു മുമ്പ് കര്‍ണാടകത്തിലെ ഹിന്ദുത്വ വിഷച്ചൂളയില്‍ രൂപപ്പെടുത്തിയ ഈ പ്രയോഗം ഇപ്പോള്‍ രാജ്യത്തെ ഹിന്ദുത്വ നിഘണ്ടുവിലെ ഏറ്റവും പ്രധാനവാക്കാണ്. ക്രിസ്ത്യന്‍ സമുദായത്തിലെ ചില സംഘടനകളും പുരോഹിതന്‍മാരും ഈ വാക്ക് കടമെടുത്തു. 'ലവ് ജിഹാദിന്റെ' വകഭേദങ്ങളായ 'റോമിയോ ജിഹാദ്, ധര്‍മ ജിഹാദ്' തുടങ്ങിയ പ്രയോഗങ്ങളും ചിലയിടങ്ങളിലുണ്ട്. 2024 ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലെ ഒരു കോടതിയും ഈ വാക്ക് പ്രയോഗിച്ച് ഒരു മുസ്‌ലിം യുവാവിനെ ആജീവനാന്ത തടവിന് ശിക്ഷിച്ചു.
2)'തുപ്പല്‍ ജിഹാദ്'
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്ദുത്വ പാചകശാലയില്‍ രൂപപ്പെടുത്തിയ പ്രയോഗമാണിത്. ഏതോ ഒരാള്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഇത് പ്രചരിപ്പിച്ചത്. കേരളത്തിലും ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ബിജെപി നേതാവ് കെ സുരേന്ദ്രനെ പോലുള്ളവരാണ് ഇതിന് നേതൃത്വം നല്‍കിയത്.
3) 'മൂത്ര ജിഹാദ്'
'തുപ്പല്‍ ജിഹാദിനെ' പോലെ 'മൂത്ര ജിഹാദും' ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഏതോ ഒരു ഹിന്ദുത്വനാണ് ഇന്ത്യക്കു മുന്നില്‍ അവതരിപ്പിച്ചത്. ഏതോ ഒരാള്‍ ജ്യൂസ് അടിക്കുന്ന പാത്രത്തില്‍ മൂത്രം ഒഴിക്കുന്ന ദൃശ്യത്തിന്റെ അകമ്പടിയോടെയാണ് ഈ പ്രയോഗം പ്രചരിപ്പിച്ചത്.
4) 'ഭൂമി ജിഹാദ്'
മുസ്‌ലിംകള്‍ പൊതുസ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ പണിത് ഭൂമി തട്ടിയെടുക്കുന്നുവെന്നാണ് ഈ ആരോപണം. സ്വകാര്യവ്യക്തികള്‍ തമ്മിലുള്ള ഭൂമി ഇടപാടുകളും തര്‍ക്കങ്ങളും വരെ ഇന്ന് 'ഭൂമി ജിഹാദിന്റെ' പരിധിയില്‍ എത്തിയിട്ടുണ്ട്. മലയാളത്തില്‍ ഇറങ്ങിയ ഒരു സിനിമയുടെ പ്രമേയം തന്നെ ഇതായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
5) 'വോട്ട് ജിഹാദ്'
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ 'വോട്ട് ജിഹാദ്' കൊണ്ടുവന്നത്. ബിജെപിക്കെതിരേ മുസ്‌ലിംകള്‍ സംഘടിതമായി വോട്ട് ചെയ്യുന്നു എന്നു പറഞ്ഞു തുടങ്ങിയ ചര്‍ച്ചയാണ് ഈ പ്രയോഗത്തിലേക്ക് എത്തിച്ചത്.
6)'റെയില്‍ ജിഹാദ്'
കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ കാരണം ട്രെയ്ന്‍ അപകടങ്ങള്‍ വ്യാപകമായ സമയത്ത് ഹിന്ദുത്വര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചാരണമാണ് ഇത്. വെള്ളിയാഴ്ചകളിലാണ് റെയ്ല്‍ അപകടങ്ങളുണ്ടാവുന്നത് എന്നതായിരുന്നു ഈ പ്രചാരണത്തിലെ ഒരു ഘടകം.
7)'യുപിഎസ്‌സി ജിഹാദ്'
ഉര്‍ദു ഭാഷയില്‍ കൂടി യുപിഎസ്‌സി പരീക്ഷകള്‍ നടത്തണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് 'യുപിഎസ്‌സി ജിഹാദ്' എന്ന പ്രചാരണം ആരംഭിച്ചത്. ഹിന്ദു സന്ന്യാസിയെന്ന് അവകാശപ്പെടുന്ന കാളിചരണ്‍ മഹാരാജ് അടക്കമുള്ളവര്‍ ഇത് പ്രചരിപ്പിച്ചു.
8)'ബിസിനസ് ജിഹാദ്'
ഉത്തര്‍പ്രദേശിലെ മുസ്‌ലിം വ്യാപാരികളെ പൈശാചികവല്‍ക്കരിക്കാന്‍ 2024ല്‍ ചുട്ടെടുത്ത പ്രയോഗമാണിത്. ശ്രാവണ മാസത്തിലെ ഹിന്ദു ഉല്‍സവങ്ങളുടെ സമയത്ത് കടകളില്‍ ഉടമകളുടെ പേരും സ്ഥാപിക്കാന്‍ തിട്ടൂരമുണ്ടായി. മുസ്‌ലിംകള്‍ ഹിന്ദുക്കളായി അഭിനയിച്ച് ബിസിനസ് ചെയ്യുകയാണ് എന്നായിരുന്നു ആരോപണം. മുസ്‌ലിംകളെ ബിസിനസ് മേഖലയില്‍ നിന്ന് ഒഴിവാക്കാനുള്ള ഗൂഢതന്ത്രവുമാണിത്.
9) 'ബയോളജിക്കല്‍ ജിഹാദ്'
ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് ഈ പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ടിബി രോഗം പകര്‍ത്താന്‍ രണ്ടു പേര്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ പ്രയോഗം പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിംകള്‍ കരുതിക്കൂട്ടി രോഗം പരത്തുന്നവരാണ് എന്നാണ് ഈ പ്രയോഗത്തിന്റെ അര്‍ത്ഥം. കേരളത്തിലെ നിപാ വൈറസ് ബാധ, കൊറോണ വൈറസ് ഇന്ത്യയില്‍ എത്തിയ കാലത്ത് ഡല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗുകാര്‍ക്കെതിരേ നടന്ന പ്രചാരണം എന്നിവയില്‍ ഈ വര്‍ഗീയ വൈറസിന്റെ ശൈശവരൂപം കാണാം.
10) 'പ്രളയ ജിഹാദ്'
അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമാന്ത ബിശ്വ ശര്‍മ കൊണ്ടുവന്ന 'ജിഹാദ്' ഇനമാണ് 'പ്രളയ ജിഹാദ്'. ഗുവാഹതിയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഒരു സര്‍വകലാശാലയിലെ ഓടയിലെ തടസം മൂലം വെള്ളക്കെട്ടുണ്ടായപ്പോള്‍ ആണ് ഹിമാന്ത ബിശ്വ ശര്‍മ ഈ പ്രയോഗം മലിനജലത്തില്‍ നിന്ന് പൊക്കിയെടുത്തത്.
11) 'തൊഴിലാളി ജിഹാദ്'
ഒഡീഷയിലെയും ഛത്തീസ്ഗഡിലെയും തൊഴിലാളികളെ ജാര്‍ഖണ്ഡില്‍ ചൂഷണം ചെയ്യുന്നുവെന്ന ആരോപണമാണ് പിന്നീട് 'തൊഴിലാളി ജിഹാദായി' മാറിയത്. ഇത് രണ്ടു സംസ്ഥാനങ്ങളിലും മുസ്‌ലിംകള്‍ക്കെതിരേ ഉപയോഗിക്കപ്പെടുന്നു.
12)'ജനസംഖ്യാ ജിഹാദ്'
രാജ്യത്തെ ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ മുസ്‌ലിംകള്‍ പെറ്റുപെരുകയാണെന്ന പ്രചാരണമാണിത്. കേരളത്തില്‍ ശശികല തുടങ്ങിയവര്‍ സ്ഥിരമായി നടത്തുന്ന പ്രസംഗങ്ങളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രയോഗമാണിത്.