വിവാഹച്ചടങ്ങിനിടെ ബാത്ത്‌റൂമില്‍ പോയ വധു ആഭരണങ്ങളും പണവുമായി മുങ്ങി

Update: 2025-01-05 04:26 GMT

ഗോരഖ്പൂര്‍(യുപി): വിവാഹച്ചടങ്ങിനിടെ ബാത്ത്‌റൂമില്‍ പോയ വധു സ്വര്‍ണ്ണവും പണവുമായി മുങ്ങി.ഗോരഖ്പൂരിലെ ഭരോഹിയയിലെ ശിവക്ഷേത്രത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. സീതാപൂര്‍ ജില്ലയിലെ ഗോവിന്ദ് പൂര്‍ ഗ്രാമത്തിലെ കമലേഷ് എന്ന കര്‍ഷകനാണ് തട്ടിപ്പിന് ഇരയായത്. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് നാല്‍പതുകാരനായ കമലേഷ് രണ്ടാം വിവാഹത്തിനൊരുങ്ങിയത്.

പ്രദേശത്തെ ഒരു വനിതാ ബ്രോക്കര്‍ക്ക് 30,000 രൂപ ഫീസ് നല്‍കിയാണ് വിവാഹം കഴിക്കാന്‍ ഒരു സ്ത്രീയെ കണ്ടെത്തിയത്. ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതോടെയാണ് വിവാഹചടങ്ങുകള്‍ ആസൂത്രണം ചെയ്തത്. വെള്ളിയാഴ്ച അമ്മയുടെ ഒപ്പമാണ് വധു അമ്പലത്തില്‍ എത്തിയത്. കമലേഷിന്റെ ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെ വധു ബാത്ത്‌റൂമില്‍ പോവണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചടങ്ങുകള്‍ മുടങ്ങുമെന്ന ആശങ്കകള്‍ക്കിടയിലും ഇത് സമ്മതിച്ചു. എന്നാല്‍, കുറെക്കഴിഞ്ഞിട്ടും വധുവിനെ കാണാത്തതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. വധുവിന്റെ അമ്മയും അപ്രത്യക്ഷയായി.

വിവാഹം ഉറപ്പിച്ചതിന് ശേഷം സ്ത്രീക്ക് സാരികളും ആഭരണങ്ങളു സൗന്ദര്യവര്‍ധക വസ്തുക്കളും വാങ്ങി നല്‍കിയതായി കമലേഷ് പറയുന്നു. ''സംസാരിക്കാന്‍ നല്ല ഒരു ഫോണും നല്‍കി. അതെല്ലാം കൊണ്ടാണ് അവള്‍ പോയത്. വിവാഹത്തിന്റെ സദ്യക്കായി ചെലവാക്കിയ തുകയും നഷ്ടമായി. ഒരു കുടുംബമുണ്ടാക്കാന്‍ ശ്രമിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.''-കമലേഷ് പറഞ്ഞു. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കുമെന്ന് കമലേഷ് പറഞ്ഞു.

Similar News