ബംഗാളില്‍ സിപിഎം- ബിജെപി സഖ്യം; സഹകരണ തിരഞ്ഞെടുപ്പില്‍ വിജയം

Update: 2022-11-09 09:13 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പൂര്‍ബമേദിനിപൂര്‍ ജില്ലയിലെ സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ ബിജെപി- സിപിഎം സഖ്യത്തിന് വിജയം. 'പശ്ചിമ ബംഗാള്‍ സമവായ് ബച്ചാവോ സമിതി' എന്ന പേരിലുണ്ടാക്കിയ സഖ്യമാണ് ആകെയുള്ള 63 സീറ്റും നേടിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. നന്ദകുമാര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം മുഴുവന്‍ സീറ്റുകളിലേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പിന്നീട് 52 സീറ്റുകളിലെ പത്രികകള്‍ പിന്‍വലിച്ചു.

ബാക്കിയുള്ള 11 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെുള്ള സീറ്റില്‍ 40 എണ്ണം ബിജെപിക്കും 23 എണ്ണം സിപിഎമ്മിനും ലഭിച്ചു. നന്ദിഗ്രാം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയായ പൂര്‍ബമേദിനിപുര്‍ ജില്ലയിലാണ് പുതിയ രാഷ്ട്രീയസഖ്യം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തൃണമൂലിനെതിരേ ബിജെപി- സിപിഎം സഖ്യമുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സമോവായ് ബച്ചാവോ സമിതി തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ പോരാടാന്‍ വേണ്ടി രൂപീകരിച്ച ഒരു സഖ്യമാണെന്ന് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി അശോക് കുമാര്‍ ദാസ് പറഞ്ഞു.

അതേസമയം, സമാവോ ബച്ചാവോ സമിതി ബിജെപി- സിപിഎം സഖ്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 'ഇത്തരം കാര്യങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കണം. ബിജെപിയും സിപിഎമ്മും കൈകോര്‍ക്കുന്നുവെന്ന് തെളിയിക്കാന്‍ ഇത് ഞങ്ങളെ സഹായിക്കും'- തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടാക്കിയ ബിജെപി- സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണിത്. തൃണമൂല്‍ രണ്ടാം സ്ഥാനത്താണ്.

എന്നാല്‍, അത്തരം പ്രാദേശിക കൂട്ടുകെട്ടുകള്‍ അടുത്ത വര്‍ഷത്തെ ഗ്രാമീണ തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് സുകന്ദ മജുംദാര്‍ വിജയികളെ അനുമോദിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിക്കാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. സഹകരണ സംഘത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പോരടിക്കാറില്ല. വ്യക്തിഗത സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാറുണ്ടായിരുന്നു. ഇവിടെ, ഈ സ്ഥാനാര്‍ഥികള്‍ അഴിമതിക്കെതിരെയും സഹകരണ സംഘത്തെ നിയന്ത്രിക്കുന്ന ടിഎംസിയുമായി അടുപ്പമുള്ള ചിലര്‍ക്കെതിരെയും പോരാടി- പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞു. നേരത്തെ കോലാഘട്ടില്‍ സഹകരണ ക്രെഡിറ്റ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ പ്രാദേശിക സിപിഎം- കോണ്‍ഗ്രസ് സഖ്യത്തോട് തൃണമൂല്‍ പരാജയപ്പെട്ടിരുന്നു.

Tags:    

Similar News