സിയാലിന് വിംഗ്‌സ് ഇന്ത്യ'കോവിഡ് ചാംപ്യന്‍'പുരസ്‌കാരം
കൊവിസ് കാലത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 'മിഷന്‍ സേഫ്ഗാര്‍ഡിംഗ്' എന്ന പദ്ധതി നടപ്പിലാക്കിയതിനാണ് സിയാലിനെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) വിംഗ്‌സ് ഇന്ത്യ 2022ല്‍ 'കൊവിഡ് ചാംപ്യന്‍' പുരസ്‌കാരത്തിന് അര്‍ഹരായി. വ്യോമയാന മേഖലയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസ് സമ്മേളനമാണ് 'വിംഗ്‌സ് ഇന്ത്യ' 2022. സിയാല്‍ എംഡി എസ് സുഹാസ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.കേന്ദ്ര വ്യോമയാന മന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (എഫ്‌ഐസിസിഐ ) സംയുക്തമായി സംഘടിപ്പിക്കുന്ന ഹൈദരാബാദ് ബേഗം പേട്ട് വിമാനത്താവളത്തിലാണ് വിംഗ്‌സ് ഇന്ത്യ സംഘടിപ്പിക്കുന്നത്.
കൊവിസ് കാലത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 'മിഷന്‍ സേഫ്ഗാര്‍ഡിംഗ്' എന്ന പദ്ധതി നടപ്പിലാക്കിയതിനാണ് സിയാലിനെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി. ടെര്‍മിനലുകളിലൂടെ യാത്രക്കാരുടെ തടസ്സരഹിത സഞ്ചാരത്തിനായി തിരിച്ചറിയുക പ്രതികരിക്കുക ആവര്‍ത്തിക്കുക രേഖപ്പെടുത്തുക, പരിശോധിക്കുക എന്ന ഫൈവ് ആര്‍ നിയമമാണ് സിയാല്‍ ഈ പ്രൊജക്റ്റിനായി സ്വീകരിച്ചത് .
വിപുലമായ കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍, മെഡിക്കല്‍ നിരീക്ഷണം, തടസ്സങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കുന്ന ഫോളോ അപ്പ് പ്ലാനിംഗ് പദ്ധതികള്‍ എന്നിവ ഈ പ്രോജക്റ്റ് വഴി നടപ്പിലാക്കി.2021ല്‍ സിയാല്‍ 4.3 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുകയും രാജ്യാന്തര ട്രാഫിക്കില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളമെന്ന സ്ഥാനം നേടുകയും ചെയ്തു.