ഗോള്‍ഫ് തടാകങ്ങളില്‍ മല്‍സ്യക്കൃഷിയുമായി സിയാല്‍
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) , രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍(ആര്‍ജിസിഎ)എന്നിവയുടെ സഹകരണത്തോടെയാണ് സിയാലിന്റെ ഗോള്‍ഫ് തടാകങ്ങളില്‍ കേജ് മല്‍സ്യക്കൃഷി തുടങ്ങിയത്
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)ന്റെ ഗോള്‍ഫ് കോഴ്‌സിലെ തടാകങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കേജ് മല്‍സ്യക്കൃഷി തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) , രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍(ആര്‍ജിസിഎ)എന്നിവയുടെ സഹകരണത്തോടെയാണ് സിയാലിന്റെ ഗോള്‍ഫ് തടാകങ്ങളില്‍ കേജ് മല്‍സ്യക്കൃഷി തുടങ്ങിയത്.കേജ് അക്വാകള്‍ച്ചര്‍ സംരംഭത്തിന് നിരവധി പാരിസ്ഥിതിക നേട്ടങ്ങളുടെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി, ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടക്കുന്നു.അക്വാകള്‍ച്ചര്‍ കേജ് സംരംഭം ,മല്‍സ്യകൃഷി മൂലമുണ്ടാകുന്ന കാര്‍ബണ്‍ പാദമുദ്രകള്‍ കുറക്കാനും സുസ്ഥിര വരുമാനം നേടാനും ഉപകരിക്കും, സുഹാസ് കൂട്ടിച്ചേര്‍ത്തു.130 ഏക്കറോളം വിസ്തൃതിയുള്ള സിയാല്‍ ഗോള്‍ഫ് കോഴ്‌സില്‍ ഏഴ് തടാകങ്ങളുണ്ട്. ഇവയുടെ മൊത്തം വിസ്തൃതി 16 ഏക്കറാണ്. മല്‍സ്യക്കൃഷി ചെയ്യാനുള്ള പരിശീലനം, മല്‍സ്യങ്ങളെ തരംതിരിക്കല്‍, ജലത്തിന്റെ ഗുണമേന്മ പരിശോധന, മല്‍സ്യങ്ങളിലെ രോഗനിര്‍ണയം എന്നിവ എംപിഇഡിഎയും ആര്‍ജിസിഎ യും സംയുക്തമായി നിര്‍വഹിക്കും. എംപിഇഡിഎയുടെ വല്ലാര്‍പാടത്തുള്ള മുട്ടവിരിയിക്കല്‍ കേന്ദ്രത്തില്‍ നിന്നും കുറഞ്ഞ നിരക്കില്‍ മല്‍സ്യവിത്തുകള്‍ ലഭിക്കും. തിലാപ്പിയ, കരിമീന്‍, കളാഞ്ചി എിവയാണ് ഇവിടെ ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുക. കൂട് മല്‍സ്യക്കൃഷിയാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുള്ളത്.
ലഭ്യമായ ഭൂമി സുസ്ഥിരമായ രീതിയില്‍ പരമാവധി ഉപയോഗിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഗോള്‍ഫ് തടാകങ്ങളില്‍ മല്‍സ്യക്കൃഷി തുടങ്ങുന്നത്. സൗരോര്‍ജ പ്ലാന്റുകളില്‍ ജൈവ പച്ചക്കറി കൃഷി വിജയകരമായി സിയാല്‍ നടത്തുന്നുണ്ട്. കൂട് മല്‍സ്യകൃഷി ആരംഭിക്കുന്നതോടെ, ഉപയോഗശൂന്യമായ ജലാശയങ്ങളെ ഉല്‍പ്പാദനക്ഷമതയുള്ള ഉപയോഗമാക്കി മാറ്റാന്‍ കഴിയും. കൂടാതെ മികച്ച ഗുണനിലവാരമുള്ള മല്‍സ്യങ്ങളുടെ സ്ഥിരമായ വിതരണത്തിലൂടെ ഗോള്‍ഫ് ക്ലബ്ബിന് അധിക വരുമാനം ലഭിക്കും.
വിമാനത്താവളത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം 12 കൃത്രിമ തടാകങ്ങളുടെ സഹായത്തോടെ ജലസംഭരണത്തിനായി ഉപയോഗിക്കുന്ന ഗോള്‍ഫ് കോഴ്‌സില്‍ ടോട്ടല്‍ സസ്‌റ്റൈനബിലിറ്റി മാനേജ്‌മെന്റ് (ടിഎസ്എം) എന്ന ആശയം നേരത്തെ തന്നെ സിയാല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് .സോളാര്‍ പ്ലാന്റുകളില്‍ ഫോട്ടോ വോള്‍ട്ടായിക് കൃഷിരീതി എന്ന സാങ്കേതിക കൃഷിരീതിയും സിയാല്‍ നടപ്പാക്കിയിട്ടുണ്ട്, ഇതില്‍ നിന്നും കഴിഞ്ഞ വര്ഷം 90 മെട്രിക് ടണ്‍ പച്ചക്കറി വിളവെടുപ്പ് ലഭിച്ചുവെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.