രക്തസാക്ഷി മന്ദിരത്തിന് 10000 രൂപ പിരിവ് നല്‍കിയില്ല; പ്രവാസി സംരംഭകന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി

ഇനി പത്ത് പൈസ പിരിവ് വേണ്ട, നാളെ രാവിലെ വസ്തുവില്‍ ഒരു പണിയും നടക്കില്ലെന്നും തഹസില്‍ദാരും വില്ലേജ് ഓഫിസറും അവിടെ വരുമെന്നും കൊടികുത്തുമെന്നുമാണ് സിപിഎം നേതാവിന്റെ ഭീഷണി.

Update: 2021-09-24 06:11 GMT

കൊല്ലം: രക്തസാക്ഷി മന്ദിരത്തിന് പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസി കുടുംബത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. സിപിഎം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ കൊല്ലം കോവൂര്‍ സ്വദേശികളായ ഷഹി വിജയനും ഭാര്യ ഷൈനിയുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. രക്തസാക്ഷി മന്ദിരത്തിന് 10000 രൂപ പിരിവ് നല്‍കാത്തതിനാല്‍ കുടുംബം മുഖംമൂടി മുക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറത്ത് കൊടി കുത്തുമെന്നും ഇതിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഷിബു ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സിപിഎം നേതാവ് ഭീഷണിയുമായി രംഗത്തെത്തിയത്. ശ്രീകുമാര്‍ രക്തസാക്ഷിമന്ദിരത്തിനായി 10000 രൂപ പിരിവ് എഴുതിയിട്ട് രണ്ട് വര്‍ഷമായെന്നും പണം ചോദിക്കുമ്പോള്‍ കളിയാക്കി വിടുകയാണെന്നും ബിജു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇനി പത്ത് പൈസ പിരിവ് വേണ്ട, നാളെ രാവിലെ വസ്തുവില്‍ ഒരു പണിയും നടക്കില്ലെന്നും തഹസില്‍ദാരും വില്ലേജ് ഓഫിസറും അവിടെ വരുമെന്നും കൊടികുത്തുമെന്നുമാണ് ഭീഷണി.

സംഭവത്തില്‍ തേലവക്കര കൃഷി ഓഫിസര്‍ക്കെതിരേയും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഡേറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇത് സിപിഎം നേതാവും കൃഷി ഓഫിസറും തമ്മില്‍ ഒത്തുകളിച്ചത് മൂലമാണെന്നും പരാതിയില്‍ പറയുന്നു.

Tags:    

Similar News