മുസ്‌ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണി: ഹിന്ദു പുരോഹിതനെതിരേ വ്യാപക പ്രതിഷേധം; #ArrestBajrangMuni ട്വിറ്ററില്‍ ട്രെന്‍ഡ്
ട്വിറ്റര്‍ ഇന്ത്യയുടെ കണക്ക് പ്രകാരം ഇന്ന് ഇതുവരെ നാലാം സ്ഥാനത്താണ് #ArrestBajrangMuni എന്ന ഹാഷ് ടാഗ് ട്രന്റിങിലുള്ളത്.പുരോഹിതന്റെ പ്രസംഗങ്ങളുടെ വിവിധ വീഡിയോകള്‍ പങ്കുവെച്ചാണ് അളുകള്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്.
ലഖ്‌നൗ: രാജ്യത്തെ വിദ്വേഷ പ്രചാരണങ്ങളുടെ തലസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി പ്രസംഗം നടത്തിയ ഹൈന്ദവ പുരോഹിതനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു.
#ArrestBajrangMuni എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്റിങായി മാറിയിരിക്കുകയാണ്. ട്വിറ്റര്‍ ഇന്ത്യയുടെ കണക്ക് പ്രകാരം ഇന്ന് ഇതുവരെ നാലാം സ്ഥാനത്താണ് #ArrestBajrangMuni എന്ന ഹാഷ് ടാഗ് ട്രന്റിങിലുള്ളത്.
പുരോഹിതന്റെ പ്രസംഗങ്ങളുടെ വിവിധ വീഡിയോകള്‍ പങ്കുവെച്ചാണ് അളുകള്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്.
സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ യുപി പോലിസ് തയ്യാറായത്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും കടുത്ത പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണ് പോലിസ് അന്വേഷണമാരംഭിക്കാന്‍ നിര്‍ബന്ധിതരായത്.
സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പുരോഹിതന്‍ പറഞ്ഞത്.
ഏപ്രില്‍ 2നാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാല്‍ സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പോലിസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഫാക്ട് ചെക്ക് വെബ്‌സൈറ്റ് ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളുകള്‍ പുരോഹിതനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പുരോഹിതന്‍ ബജ്‌റംഗ് മുനി ആണെന്ന് പലരും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കര്‍ശനമായ ഇടപെടല്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ യുഎന്‍ മനുഷ്യാവകാശ സംഘടനയ്ക്കും ദേശീയ വനിതാ കമ്മീഷനും വര്‍ഗീയ പരാമര്‍ശങ്ങള്‍ ഫ്‌ലാഗ് ചെയ്തു.
പുരോഹിതന്‍ ജീപ്പിനുള്ളില്‍ നിന്ന് പ്രസംഗിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയില്‍ പോലിസുകാരെയും ഇയാള്‍ക്ക് പിന്നില്‍ കാണാന്‍ സാധിക്കും.
ഇയാളുടെ പ്രസംഗത്തിനിടക്ക് ആള്‍കൂട്ടം ജയ് ശ്രീറാമെന്ന് വിളിച്ച് ആക്രോശിക്കുന്നതും വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായും വീഡിയോയില്‍ കാണാം
സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പുരോഹിതനെതിരെ നടപടിയെടുക്കുമെന്നും സീതാപൂര്‍ പോലിസ് പറഞ്ഞു.