ട്വിറ്ററിനെ വെല്ലാന്‍ 'ത്രെഡ്‌സ്'; ഏഴ് മണിക്കൂറില്‍ 10 മില്ല്യണ്‍ കടന്ന് യൂസര്‍മാര്‍
ന്യൂയോര്‍ക്ക്: ട്വിറ്ററിന് സമാനമായി മെറ്റ അവതരിപ്പിച്ച പുതിയ സാമൂഹിക മാധ്യമമായ 'ത്രെഡ്‌സ്' ആപ്പിന് വന്‍ പിന്തുണ. ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ദശലക്ഷത്തിലധികം ആളുകള്‍ സൈന്‍ അപ്പ് ചെയ്തതായി കമ്പനിയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഏഴ് മണിക്കൂറിനുള്ളില്‍ 10 ദശലക്ഷം സൈന്‍ അപ്പുകള്‍ എന്നാണ് സക്കര്‍ബര്‍ഗ് തന്റെ ഔദ്യോഗിക ത്രെഡ്‌സ് അക്കൗണ്ടില്‍ കുറിച്ചത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ നിര്‍മാതാക്കളായ മെറ്റയാണ് 'ത്രെഡ്‌സ്' ഉടമകള്‍. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് 'ത്രെഡ്‌സ്' ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയത്. യുകെയിലെ ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്‌റ്റോറുകളിലാണ് ആദ്യം ലഭ്യമാക്കി തുടങ്ങിയത്. പിന്നാലെ അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, കാനഡ തുടങ്ങി 100ലധികം രാജ്യങ്ങളിലും ത്രെഡ്‌സ് ലഭ്യമായി.
നിലവില്‍ പരസ്യങ്ങളൊന്നുമില്ലാതെയാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഡാറ്റാ സ്വകാര്യതാ ആശങ്കകള്‍ കാരണം യൂറോപ്പില്‍ അതിന്റെ റിലീസ് വൈകുകയാണ്. വീഡിയോ, ഫോട്ടോ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഇന്‍സ്റ്റഗ്രാമിനു സമാനമായാണ് വരവ്. ടെക്സ്റ്റിന് പ്രാധാന്യം നല്‍കുന്ന സംവിധാനമായിരിക്കും ത്രെഡ്‌സ് എന്നാണ് മെറ്റ വൃത്തങ്ങള്‍ അറിയിച്ചത്. ട്വിറ്ററില്‍ ഉപയോഗിക്കാനാവുന്ന പരമാവധി വാക്കുകളുടെ എണ്ണം 280 ആണെങ്കില്‍ ത്രെഡ്‌സില്‍ ഇത് 500 ആണ്. കൂടാതെ ത്രെഡ്‌സില്‍ ലിങ്കുകളും ഫോട്ടോകളും അഞ്ച് മിനിറ്റ് വരെയുള്ള വീഡിയോകളും ഷെയര്‍ ചെയ്യാം. ത്രെഡ്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍ നെയിം നല്‍കേണ്ടതില്ല. നിലവിലെ ഇന്‍സ്റ്റഗ്രാം യൂസര്‍ നെയിം ഉപയോഗിച്ച് തന്നെ ത്രെഡ്‌സിലും ലോഗിന്‍ ചെയ്യാമെന്നത് ഏറെ സൗകര്യമാവുന്നുണ്ട്. എന്നാല്‍, ത്രെഡ്‌സില്‍ പുതിയ ഉപയോക്താക്കളാവാന്‍ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷം ത്രെഡ്‌സില്‍ ആ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ഉപയോക്താക്കളുടെ സുരക്ഷക്ക് മുന്‍തൂക്കം നല്‍കുന്ന സംരംഭമാണ് ത്രെഡ്‌സ് എന്നാണ് മെറ്റ അവകാശപ്പെടുന്നത്. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ത്രെഡ്‌സ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ജെന്നിഫര്‍ ലോപ്പസ്, ഷക്കീറ, ഹ്യൂ ജാക്ക്മാന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ക്കും വാഷിങ്ടണ്‍ പോസ്റ്റ്, ദി ഇക്കണോമിസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളും അക്കൗണ്ടുകള്‍ ഇതിനകം സജീവമായിട്ടുണ്ട്.