ട്വിറ്ററില്‍ വിമതരെ പിന്തുടരുകയും റിട്വീറ്റ് ചെയ്യുകയും ചെയ്തു; യുവതിക്ക് 34 വര്‍ഷം തടവിനും യാത്രാ വിലക്കിനും ശിക്ഷിച്ച് സൗദി

വിമതരെ ട്വിറ്ററില്‍ പിന്തുടരുകയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്‌തെന്നും ആരോപിച്ചാണ് യുകെയിലെ ലീഡ്‌സ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ സല്‍മ അല്‍ ഷെഹാബിനെ ശിക്ഷിച്ചത്. വിധിയെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

Update: 2022-08-17 10:26 GMT

സല്‍മ അല്‍ ഷെഹബി കുടുംബത്തോടൊപ്പം

റിയാദ്: കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ യുവതിയെ 34 വര്‍ഷം തടവിനും യാത്രാ വിലക്കിനും ശിക്ഷിച്ച് സൗദി അപ്പീല്‍ കോടതി. വിമതരെ ട്വിറ്ററില്‍ പിന്തുടരുകയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്‌തെന്നും ആരോപിച്ചാണ് യുകെയിലെ ലീഡ്‌സ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ സല്‍മ അല്‍ ഷെഹബിനെ ശിക്ഷിച്ചത്. വിധിയെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

സല്‍മ അല്‍ഷെഹാബിനെ പ്രത്യേക തീവ്രവാദ കോടതി നേരത്തേ മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. അപ്പീല്‍ കോടതി ഈ തടവ് ശിക്ഷ 34 വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു. 34 വര്‍ഷത്തെ യാത്രാ വിലക്കുമുണ്ട്. 'സമൂഹത്തില്‍ അശാന്തി പരത്തുന്നതിനും ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിനും' ഷെഹാബ് ഇന്റര്‍നെറ്റ് വെബ്‌സൈറ്റ് ഉപയോഗിച്ചെന്ന് കോടതി പറഞ്ഞു.

ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍, ദി ഫ്രീഡം ഇനിഷ്യേറ്റീവ്, യൂറോപ്യന്‍ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, എഎല്‍ക്യുഎസ്ടി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നിവയുള്‍പ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ വിധിയെ അപലപിക്കുകയും സല്‍മയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

'സല്‍മയെ മോചിപ്പിക്കാന്‍ ഞങ്ങള്‍ സൗദി അധികാരികളോട് ആവശ്യപ്പെടുന്നു, കുട്ടികളെ പരിചരിക്കുന്നതിനും യുകെയില്‍ പഠനം പൂര്‍ത്തിയാക്കുന്നതിനും അവളെ അനുവദിക്കണം,' ദി ഫ്രീഡം ഇനിഷ്യേറ്റീവ് പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്യുന്നത് കുറ്റകരമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

'ശിയാ മുസ്ലീം എന്ന നിലയില്‍ സല്‍മയുടെ മതപരമായ വ്യക്തിത്വമാണ് അറസ്റ്റുചെയ്യുന്നതിനും കഠിനമായ ശിക്ഷ വിധിക്കുന്നതിനും കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു' -യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പറഞ്ഞു.

ദന്തവൈദ്യശാസ്ത്രത്തില്‍ വിദഗ്ധ, ലീഡ്‌സ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥി, പ്രിന്‍സെസ് നൂറ സര്‍വകലാശാലയില്‍ അധ്യാപിക, കൂടാതെ വിവാഹിതയും രണ്ട് കുട്ടികളുമുള്ള വ്യക്തിയാണെന്നാണ് ബെര്‍ലിന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സല്‍മയെ വിശേഷിപ്പിച്ചത്. യുകെയിലേക്ക് മടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ വര്‍ഷം ജനുവരി 15 നാണ് സല്‍മയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News