ഒളിച്ചോടി തായ്‌ലന്റിലെത്തിയ സൗദി യുവതിക്ക് കാനഡ അഭയം നല്‍കും
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കുവൈത്തില്‍ നിന്ന് ആസ്‌ത്രേലിയയിലേക്കു പോവുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചതിനെതുടര്‍ന്നാണ് റഹാഫ് ലോകശ്രദ്ധ നേടിയത്. സാമൂഹിക മാധ്യമങ്ങളില്‍ ആയിരങ്ങളാണ് റഹാഫിനു പിന്തുണയുമായി എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ തിരിച്ചയക്കാനുള്ള നീക്കത്തില്‍നിന്ന് തായ് പോലിസിന് പിന്‍മാറേണ്ടിവന്നു.
പോലിസ് തിരിച്ചയയ്ക്കുമെന്ന ഭീതിയില്‍, ഹോട്ടല്‍ മുറിയില്‍ പുറത്തുനിന്നാരും കയറാതിരിക്കാന്‍ കട്ടിലും മേശയും വാതിലിനു പിന്നില്‍ നിരത്തി പ്രതിരോധം തീര്‍ത്ത റഹാഫിന്റെ ചിത്രം ട്വിറ്ററില്‍ വൈറലായിരുന്നു. യുഎന്‍ ഉദ്യോഗസ്ഥരുടെ താല്‍ക്കാലിക സംരക്ഷണത്തില്‍ ഹോട്ടലില്‍ കഴിയുകയാണ് റഹാഫ്.
കുടുംബത്തോടൊപ്പം കുവൈറ്റ് സന്ദര്‍ശിക്കാനെത്തിയ റഹാഫ് അവിടെ നിന്നും അവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തായ്‌ലന്റില്‍നിന്ന് ആസ്‌ത്രേലിയയിലെത്തി അവിടെ അഭയംതേടാനായിരുന്നു തീരുമാനം. എന്നാല്‍, ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ച റഹാഫിനെ തായ് അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
സൗദിയില്‍ സ്ത്രീകള്‍ക്കെതിരായ കര്‍ശന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ നാടുവിട്ടത്. കുടുംബത്തില്‍ നിന്നു ജീവനു ഭീഷണിയുള്ളതായും ഇവര്‍ ആരോപിച്ചിരുന്നു. 'കുവൈറ്റില്‍ തന്റെ സഹോദരങ്ങളും കുടുംബവും സൗദി എംബസിയും തന്നെ കാത്തിരിപ്പുണ്ട്. തന്നെ അവര്‍ കൊല്ലും. ജീവന്‍ അപകടത്തിലാണ്. നിസാര കാര്യത്തിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് കുടുംബം.-റഹാഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. സൗദി സര്‍ക്കാറിനുവേണ്ടിയാണ് തായ് അധികൃതര്‍ തടഞ്ഞുവച്ചതെന്ന് റഹാഫ് ആരോപിക്കുന്നു. എന്നാല്‍ സൗദി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. നേരത്തേ, റഹാഫിന് കാനഡയുമായും ആസ്‌ത്രേലിയയുമായും തായ് പോലിസ് ചര്‍ച്ച നടത്തിയിരുന്നു.