പള്ളിക്കാട്ടിലെ മീസാന്‍കല്ലിലും അരിവാള്‍ ചുറ്റിക നക്ഷത്രം പതിപ്പിച്ച് സിപിഎം രാഷ്ട്രീയം

കഴിഞ്ഞ 23 മരിച്ച മുഖദാര്‍ സ്വദേശിയായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ഖബറില്‍ സ്ഥാപിച്ച മീസാന്‍ കല്ലിലാണ് സഖാവ് എന്ന് എഴുതിയത്.

Update: 2021-01-29 08:17 GMT
കോഴിക്കോട്: പള്ളിക്കാട്ടിലെ മീസാന്‍കല്ലിലും പാര്‍ട്ടി മുദ്ര പതിപ്പിച്ച് സിപിഎം രാഷ്ട്രീയ പ്രവര്‍ത്തനം. സംസ്ഥാനത്തെ തന്നെ പ്രശസ്തമായ പള്ളികളിലൊന്നായ കോഴിക്കോട് കണ്ണംപറമ്പ് പള്ളി ഖബര്‍സ്ഥാനിലെ മീസാന്‍ കല്ലിലാണ് മരിച്ചയാള്‍ സിപിഎം പ്രവര്‍ത്തകനായിരുന്നു എന്ന് കാണിക്കാന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പതിപ്പിച്ചത്.


കഴിഞ്ഞ 23 മരിച്ച മുഖദാര്‍ സ്വദേശിയായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ഖബറില്‍ സ്ഥാപിച്ച മീസാന്‍ കല്ലിലാണ് സഖാവ് എന്ന് എഴുതിയത്. കൂടാതെ അരിവാള്‍ ചുറ്റിക നക്ഷത്രവും പതിച്ചിട്ടുണ്ട്. ഖബര്‍സ്ഥാനുകളില്‍ പൊതുവേ രാഷ്ട്രീയ ചിഹ്നങ്ങളോ മറ്റ് അടയാളങ്ങളോ ഉപയോഗിക്കാറില്ല. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ ഖബറില്‍ പോലും ഇത്തരം കാര്യങ്ങള്‍ ചെയ്യാറില്ല. സംസ്ഥാനത്തെ പള്ളികളെല്ലാം ഈ സമീപനമാണ് കാലങ്ങളായി അനുവര്‍ത്തിക്കുന്നത്. ഇതുകൊണ്ടു തന്നെ കണ്ണംപറമ്പ് ശ്മശാനത്തിലെ പാര്‍ട്ടി അധിനിവേശം ചര്‍ച്ചയാകുന്നുണ്ട്.


കോഴിക്കോട് ജില്ലയില്‍ മുഖദാര്‍ ബീച്ചിന് സമീപം 13 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നാണ് കണ്ണംപറമ്പ് പള്ളി ഖബര്‍സ്ഥാന്‍. 1858 ല്‍ ഏപ്രിലില്‍ കൂട്ടത്തോടെ കോളറ മരണമുണ്ടായപ്പോള്‍ ബ്രിട്ടീഷുകാരുടെ അനുമതി പ്രകാരം നിവലവില്‍ വന്നതാണ് കണ്ണംപറമ്പ് പള്ളി ഖബര്‍സ്ഥാന്‍. സ്വാതന്ത്ര്യസമര സേനാനികളായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ. മൊയ്തുമൗലവി, മുന്‍ മന്ത്രിമാരായ പി.എം. അബൂബക്കര്‍, പി.പി. ഉമര്‍കോയ, തുടങ്ങി പല പ്രമുഖരെയും അടക്കം ചെയ്തത് ഇവിടെയാണ്. 2018 മെയില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കാണപ്പെട്ട നിപ മഹാമാരിയില്‍ മരണപ്പെട്ട ഏതാനും പേരെ ഖബറടക്കിയ സ്ഥലം എന്ന നിലക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാന്‍ വീണ്ടും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.




Tags:    

Similar News