ഇനിയും സര്‍ക്കാര്‍ ഭയന്നുനില്‍ക്കേണ്ട കാര്യമില്ല; എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്നും എ കെ ബാലന്‍

മാനേജ്‌മെന്റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുകയാണെങ്കില്‍ അത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആശ്വാസമായിരിക്കും.

Update: 2022-05-25 13:34 GMT

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ ഇനിയും സര്‍ക്കാര്‍ ഭയന്നുനില്‍ക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. എംഇഎസും എസ്എന്‍ഡിപിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എന്‍എസ്എസ് എതിരുനില്‍ക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം എകെ ബാലന്‍ പറഞ്ഞു.

സാമൂഹ്യനീതി ഉറപ്പാക്കാന്‍ എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടേണ്ടത് അത്യാവശ്യമാണ്. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പോലും പണമുള്ളവര്‍ക്ക് മാത്രമാണ് നിയമനം ലഭിക്കുന്നത്. ഓരോ സമുദായത്തിലെയും ദുര്‍ബല വിഭാഗങ്ങള്‍ പുറത്താണ്. മാനേജ്‌മെന്റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. ഒരു കോടി രൂപയോളമാണ് കോളജ് അധ്യാപക തസ്തികയില്‍ കോഴ വാങ്ങുന്നത്. എല്‍പി സ്‌കൂളുകളില്‍പോലും ലക്ഷങ്ങളാണ് വാങ്ങുന്നത്. പട്ടികജാതിക്കാരിയായ തന്റെ ഒരു ബന്ധു ലക്ഷങ്ങള്‍ കോഴ കൊടുത്താണ് സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തില്‍ ജോലിക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ലക്ഷത്തോളം തൊഴില്‍രഹിതരായ യുവസമൂഹം കേരളത്തിലുണ്ട്. അവരില്‍ ഒരു 10 ശതമാനമെങ്കിലും പട്ടികജാതിക്കാരാണ്. എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുകയാണെങ്കില്‍ അത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും. എയ്ഡഡ് നിയമനങ്ങളില്‍ ഇപ്പോള്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടാല്‍ സംവരണ മാനദണ്ഡപ്രകാരം നിയമനം നടക്കും. ഇതുവഴി പിന്നാക്ക വിഭാഗങ്ങളിലെ കൂടുതല്‍ ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News