എയ്ഡഡ് മേഖലയിലെ നിയമനങ്ങളില്‍ സംവരണം നടപ്പാക്കണം: എസ്ഡിപിഐ

1972ല്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഡയറക്ട് പേയ്‌മെന്റ് എഗ്രിമെന്റ് (GO.M.S.NO 185/72/Edn30,8,1972) പ്രകാരമാണ് നിയമനം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയും ശമ്പളം അധ്യാപകര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ കൊടുക്കുന്ന രീതിയും വന്നത്. ഇതോടെയാണ് നിയമനം പൂര്‍ണമായും മാനേജ്‌മെന്റുകളുടെ കൈകളിലെത്തിയത്.

Update: 2021-08-19 11:47 GMT

കോഴിക്കോട്: എയ്ഡഡ് മേഖലയിലെ നിയമനങ്ങളില്‍ സാമൂഹികനീതി ഉറപ്പാക്കുന്നതിന് സംവരണം നടപ്പാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക നീതിയുടേയും തുല്യ അവസരങ്ങളുടേയും നിഷേധത്തിന്റെ മേഖലയായി തുടരാന്‍ അനുവദിക്കരുത്. അഞ്ചുപതിറ്റാണ്ടായി തുടരുന്ന നീതിനിഷേധത്തിന്റെ ഉത്തരവാദി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെയായിരുന്നു എന്നത് അവരുടെ അധസ്ഥിത ജനതയോടുള്ള വഞ്ചനയുടെ ചരിത്രം കൂടിയാണ്.

1972ല്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഡയറക്ട് പേയ്‌മെന്റ് എഗ്രിമെന്റ് (GO.M.S.NO 185/72/Edn30,8,1972) പ്രകാരമാണ് നിയമനം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയും ശമ്പളം അധ്യാപകര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ കൊടുക്കുന്ന രീതിയും വന്നത്. ഇതോടെയാണ് നിയമനം പൂര്‍ണമായും മാനേജ്‌മെന്റുകളുടെ കൈകളിലെത്തിയത്. ഇത് സംവരണനിഷേധത്തിന് അവസരമൊരുക്കി. ഭൂപരിഷ്‌കരണത്തിലൂടെ ദലിത്, ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങളെ കിടപ്പാടവും ഭൂമിയുടെ ഉടമസ്ഥതാവകാശവും ഇല്ലാത്തവരുമാക്കിയതിന് സമാനമായ കൊടുംക്രൂരതയായിരുന്നു 1972 ലെ കരാര്‍. ശമ്പളമായും പെന്‍ഷനായും ഗ്രാന്റായും പ്രത്യേക ഫണ്ടായും കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ചെലവഴിക്കുന്നത്.

ഉദാഹരണമായി ശമ്പളം, പെന്‍ഷന്‍, മറ്റ് അലവന്‍സുകളടക്കം പതിനെട്ടായിരത്തിലധികം (18,4333,93,64000 രൂപ) കോടി രൂപയാണ് 2019'20 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത്രയും പണം പൊതുഖജനാവില്‍നിന്നും എയ്ഡഡ് മേഖലയ്ക്കുവേണ്ടി ചെലവഴിക്കുമ്പോള്‍ ആദിവാസി-ദലിത്- പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇതിന്റെ ചെറിയ ശതമാനം പോലും ലഭിക്കുന്നില്ല. സംസ്ഥാനത്തെ ആറുലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ മൂന്നിലൊന്നു മാത്രമേ പിഎസ്‌സി വഴി നിയമനം ലഭിച്ചവരുള്ളൂ. ഇത്രയും തന്നെ ഉദ്യോഗസ്ഥര്‍ എയ്ഡഡ് മേഖലയില്‍ ഇതേ ആനുകുല്യം വാങ്ങുന്നു.

കൂടാതെ ബോര്‍ഡുകള്‍, അക്കാദമികള്‍, സര്‍ക്കാര്‍ കമ്പനികള്‍, സൊസൈറ്റികള്‍, ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കോര്‍പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ വേറെയും. ഇവിടെയൊന്നും സംവരണമോ അര്‍ഹമായ പ്രാതിനിധ്യമോ ഇല്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ശമ്പളവും മറ്റ് ആനുകുല്യവും നല്‍കുന്ന വലിയ ഒരു വിഭാഗത്തില്‍നിന്ന് ബോധപൂര്‍വം ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ അകറ്റിനിര്‍ത്തുന്ന ഈ വഞ്ചനയ്‌ക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അര്‍ഹമായ അവകാശം നേടിയെടുക്കുന്നതിന് സംവരണീയ വിഭാഗങ്ങളുടെ പൂര്‍ണമായ പിന്തുണയും യോജിച്ച മുന്നേറ്റവും അനിവാര്യമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, കെകെ റൈഹാനത്ത്, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍, സംസ്ഥാന സമിതിയംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ സംബന്ധിച്ചു.

Tags:    

Similar News