സിപിഎം പ്രാദേശിക നേതാവായ യുവതിയെ പാര്‍ട്ടി കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അരുൺ കൃഷ്ണ, ശ്രീകാന്ത് എന്നിവർ മക്കളാണ്.

Update: 2020-09-11 02:55 GMT

തിരുവനന്തപുരം: തിരുവനന്തപുരം ഉദിയന്‍കുളങ്ങരയില്‍ സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ആശ(40) യാണ് മരിച്ചത്. ഇവർ ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറാണ്. ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. 

അഴകിക്കോണത്ത് പാർട്ടി ഓഫീസിനു വേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 15 വർഷമായി ഇവർ പാർട്ടി പ്രവർത്തകയാണ്. പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അരുൺ കൃഷ്ണ, ശ്രീകാന്ത് എന്നിവർ മക്കളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

എന്നാൽ, പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തല്ല യുവതി മരിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. വർഷങ്ങൾക്ക് മുമ്പ് പാർട്ടി ഓഫീസ് പണിയാനായി വാങ്ങിയ സ്ഥലത്താണ് മരണം നടന്നത്. ആരും ഉപയോഗിക്കാതെ ആ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. മരണ വിവരം ഇന്നു രാവിലെയാണ് അറിഞ്ഞത്. കുടുംബശ്രീ പ്രവർത്തകയായ യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണമറിയില്ല. ഇന്നലെ നടന്ന കമ്മിറ്റിയിലുണ്ടായ മനോവിഷമമാണ് ആശയുടെ മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ ഇന്നലെ ഇവർ പങ്കെടുത്ത കുടുംബശ്രീയുടെ കമ്മിറ്റി ഉണ്ടായിരുന്നോയെന്ന് തനിക്ക് അറിയില്ല. ഇന്നലെ പാർട്ടിയുടെ ഏരിയ കമ്മിറ്റിയുണ്ടായിരുന്നു. എന്നാൽ ഇവർ ഏരിയ കമ്മിറ്റി അംഗമല്ല. കുടുംബശ്രീ പ്രവർത്തകയെന്ന നിലയിൽ സിപിഎം അനുഭാവിയാണ്. കുടുംബശ്രീയിൽ ആശയ്‌ക്ക് മെമ്പർഷിപ്പുണ്ട്. കുടുംബശ്രീയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കാറുള്ള ആശയ്ക്ക് പാർട്ടി ഘടകങ്ങളിലൊന്നും അംഗത്വം ഇല്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

അതിനിടെ യുവതി ആത്മഹത്യ ചെയ്ത സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. സംഭവ സ്ഥലത്ത് എത്തിയ പാറശാല പോലിസിനെ നാട്ടുകാർ തടഞ്ഞു. ആർ ഡി ഒ എത്തിയ ശേഷമേ മൃതദേഹം നീക്കാൻ അനുവദിക്കൂവെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഏറെ നേരത്തെ ചർച്ചക്കൊടുവിലാണ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Tags:    

Similar News