കോണ്‍ഗ്രസ് വിട്ട് വരുന്നവര്‍ക്ക് ഉടന്‍ ഭാരവാഹിത്വമോ അംഗത്വമോ നല്‍കില്ല: ആരേയും വലവീശി പിടിക്കേണ്ടതില്ലെന്ന് സിപിഎം
പാര്‍ട്ടിയില്‍ എത്തിയവരെ വര്‍ഗ ബഹുജന സംഘടനകളുമായി സഹകരിപ്പിക്കാനാണ് സിപിഎം തീരുമാനം.
തിരുവനന്തപുരം: പാര്‍ട്ടിയെ അംഗീകരിച്ച് വരുന്നവരെ സ്വീകരിക്കുമെന്നും ആരേയും വലവീശി പിടിക്കേണ്ടതില്ലെന്നും സിപിഎം. സംതൃപ്തരായ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ പാര്‍ട്ടിയിലേക്കു വരുമെന്നമാണ് സിപിഎം വിലയിരുത്തുന്നത്.
കോണ്‍ഗ്രസ് വിട്ടെത്തിയ കെപി അനില്‍കുമാറിനും പിഎസ് പ്രശാന്തിനും ഉടന്‍ പാര്‍ട്ടി അംഗത്വമോ ഭാരവാഹിത്വമോ സിപിഎം നല്‍കില്ല. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് നേരിട്ട് പാര്‍ട്ടി അംഗത്വം നല്‍കണമെങ്കില്‍ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. പാര്‍ട്ടിയില്‍ എത്തിയവരെ വര്‍ഗ്ഗ ബഹുജന സംഘടനകളുമായി സഹകരിപ്പിക്കാനാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയവര്‍ക്ക് കുറച്ചുനാള്‍ നിരീക്ഷണ കാലമായിരിക്കും. പാര്‍ട്ടി അംഗത്വം ഇവര്‍ക്ക് നേരിട്ട് നല്‍കാന്‍ സിപിഐഎം ഭരണഘടനയനുസരിച്ച് കഴിയില്ല. അതിന് കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം.
അതുകൊണ്ടുതന്നെ കെപി അനില്‍കുമാറും പിഎസ് പ്രശാന്തും സിപിഎം അംഗത്വത്തിന് കാത്തിരിക്കേണ്ടി വരും. ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനവും നല്‍കില്ല. അത്തരം പദവികളില്‍ താത്പര്യമില്ലെന്ന് ഇരു നേതാക്കളും സിപിഎമ്മിനെ അറിയിച്ചിട്ടുമുണ്ട്. സംഘടനാ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. അതു പരിഗണിച്ച് സിഐടിയു വിലോ മറ്റു ബഹുജന സംഘടനകളിലോ ഇവര്‍ക്ക് ഭാരവാഹിത്വം നല്‍കും. അതിനു ശേഷം പ്രവര്‍ത്തനം വിലയിരുത്തിയാകും പാര്‍ട്ടി പ്രവേശനം. നേരത്തേ കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് ഫീലിപ്പോസ് തോമസിനെയും ഇതേ രീതിയിലാണ് സിപിഎം ഉള്‍ക്കൊണ്ടത്.