ഇഡിയ്‌ക്കെതിരേ സംയുക്ത സമരത്തിന് സിപിഎം തയ്യാര്‍; കോണ്‍ഗ്രസ് തയ്യാറാണോ എന്ന് കോടിയേരി
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങി മറ്റ് പ്രതിപക്ഷ നേതാക്കളേയും ഇ ഡി വേട്ടയാടുകയാണ്
തിരുവനന്തപുരം: ഇഡിക്കെതിരെ കോണ്‍ഗ്രസ് സമരത്തിന് തയാറാണെങ്കില്‍ ഒരുമിച്ച് സമരം ചെയ്യാന്‍ സിപിഎം തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരെയും എന്തും ചെയ്യാമെന്നാണ് ഇഡി കരുതുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തുടങ്ങി മറ്റ് പ്രതിപക്ഷ നേതാക്കളേയും ഇ ഡി വേട്ടയാടുകയാണെന്നും കോടിയേരി ആരോപിച്ചു. മൂന്ന് ദിവസം നീണ്ട സിപിഎം നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി പോലുള്ളത് തടഞ്ഞാല്‍ വികസനം മുന്നോട്ട് പോകില്ല. തോമസ് ഐസകിന് ഇ ഡി നോട്ടീസ് അയച്ചത് കിഫ്ബി നിര്‍ത്തലാക്കാനുള്ള ശ്രമമായിട്ടാണ്. നയപരമായി രാഷ്ട്രീയപരമായും നീങ്ങുകയാണ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഇഡിക്ക് തിരിച്ചടിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കേരളത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് തോമസ് ഐസകിനെതിരായ നീക്കം. ഇതിനെതിരെ ശക്തമായ പ്രതികരിക്കും. അതാണ് തോമസ് ഐസകും കൂട്ടരും ശക്തമായ പോരാട്ടം നടത്തിയത്. അങ്ങനെയാണ് ഹൈക്കോടതിയില്‍ കേസ് വന്ന് പ്രധാനപ്പെട്ട വിധി വന്നത്. ഇതേ നിലപാട് തുടരുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.