കെ എം ഷാജി എംഎല്‍എയുടെ കള്ളപ്പണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണം: സിപിഎം

Update: 2020-11-12 14:46 GMT

കണ്ണൂര്‍: അഴീക്കോട് എംഎല്‍എയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍മാര്‍ക്കും നല്‍കിയ കള്ളപ്പണത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കള്ളപ്പണമുപയോഗിച്ചു എന്ന ആക്ഷേപം അഴീക്കോട് എംഎല്‍എയ്‌ക്കെതിരെ അക്കാലത്ത് തന്നെ ഉയര്‍ന്നുവന്നിരുന്നു. അതേക്കുറിച്ചും സമഗ്രാന്വേഷണം നടത്തണം. കള്ളപ്പണം വെളുപ്പിക്കലും അവിഹിതസ്വത്ത് സമ്പാദനവും നടത്തിയതായാണ് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് കണ്ടെത്തിയത്. അന്നേ ഇരട്ട പാന്‍കാര്‍ഡ് കൈവശമുണ്ടായിരുന്നു. അതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് അടക്കമുള്ള ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതിയും നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇരട്ട പാന്‍കാര്‍ഡ് ഉപയോഗിച്ചാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്തതതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.     എങ്കിലും കണ്ടെത്തിയത് മഞ്ഞുമലയുടെ ചെറിയൊരു അംശം മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയകാര്‍ഡിറക്കിയും തിരഞ്ഞെടുപ്പ് അഴിമതി നടത്തിയുമാണ് വിജയിച്ചത്. ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വോട്ടര്‍മാര്‍ക്കും പണം നല്‍കിയിട്ടുണ്ട്. കള്ളപ്പണമാണ് അതിന് ഉപയോഗിച്ചത്. എംഎല്‍എ എന്ന നിലയിലുള്ള വരുമാനത്തിന്റെ 200 ശതമാനം ആസ്തി ആര്‍ജ്ജിച്ചതായി ഇതിനകം പുറത്തുവന്ന സ്വത്ത് വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. നോമിനേഷന്‍ സമര്‍പ്പിക്കുമ്പോഴും എംഎല്‍എ എന്ന നിലയില്‍ അധികാരികള്‍ക്ക് നല്‍കേണ്ട സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമ്പോഴും യഥാര്‍ത്ഥ സ്വത്ത് മറച്ചുപിടിക്കുന്നത് അവിഹിതമായ മാര്‍ഗത്തിലൂടെയാണ് അത് ഉണ്ടാക്കിയത് എന്നതുകൊണ്ടാണ്. 'വീട് അല്‍പം വലുതായതും തിരഞ്ഞെടുപ്പ് ചെലവ് കൂടുതലായതും മഹാ അപരാധമല്ലെ'ന്നാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം. കള്ളപ്പണമുണ്ടാക്കിയത് ലീഗ് നേതാക്കളുടെ പിന്തുണയോടെയാണെന്ന് ഈ പ്രതികരണത്തിലൂടെ വ്യക്തമാണെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

CPM wants comprehensive probe into KM Shaji MLA's money laundering

Tags:    

Similar News