ബിജെപി ജയിച്ചാലും കുഴപ്പമില്ല, കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നവരാണ് സിപിഎം: വിഡി സതീശന്‍

പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം

Update: 2022-04-09 09:39 GMT

കൊല്ലം: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖമുദ്ര കോണ്‍ഗ്രസ് വിരുദ്ധതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിലെ സിപിഎം സംഘ്പരിവാറിന് കൊടുത്ത ഉറപ്പാണ് ഇന്ത്യയില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി ചേരില്ലായെന്നത്. കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ശ്രമത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പരാജയപ്പെടുത്തുമെന്നുമുള്ള ഉറപ്പാണ് കണ്ണൂരില്‍ കണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയമാണ് അവിടെ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാര്‍ നേതൃത്വവുമായുള്ള അവിഹിത ബന്ധത്തിന്റെ പ്രതിഫലനമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍. ഈ സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം അവസാനിപ്പിക്കാനുള്ള ഇടനിലക്കാര്‍, സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍ അനുമതി നേടിയെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍, അവര്‍ തന്നെ ഒരു കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിലെ സിപിഎം സംഘ്പരിവാറിന് കൊടുത്ത ഉറപ്പാണ് ഇന്ത്യയില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി തങ്ങള്‍ ചേരില്ലായെന്നത്. ദേശീയ നേതൃത്വത്തിന്റെ ശ്രമത്തെ കണ്ണൂരില്‍ പരാജയപ്പെടുത്തുമെന്നുമുള്ള ഉറപ്പാണ് കണ്ടത്.

ബിജെപി ജയിച്ചാലും കുഴപ്പമില്ല, കോണ്‍ഗ്രസ് തകരണം എന്ന് ആഗ്രഹിക്കുന്നവരാണ് സിപിഎം. ഇവര്‍ തീവ്രവലതുപക്ഷ ലൈനിലേക്ക് മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കെവി തോമസിനെതിരെ ഉചിതമായ നടപടി ദേശീയ നേതൃത്വവുമായി ആലോചിച്ച് എടുക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. അതിന്റെ വിശദാംശങ്ങള്‍ കെപിസിസി പ്രസിഡണ്ട് പറയും. എല്ലാവരുമായും അദ്ദേഹം കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ നടപടിക്രമം പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും നടപടി. കോണ്‍ഗ്രസ് ഇത്തരമൊരു പരിപാടിക്ക് സിപിഎം ലോക്കല്‍ സെക്രട്ടറിയെ ക്ഷണിച്ചുവെന്ന് കരുതുക, അദ്ദേഹം പാര്‍ട്ടിയുടെ അനുവാദമില്ലാതെ പങ്കെടുക്കില്ലല്ലോയെന്നും വിഡി സതീശന്‍ പറഞ്ഞു. 

Tags:    

Similar News