പാലക്കാട്: മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവന്ന മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം. തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നതുകൊണ്ടും കോണ്‍ഗ്രസ്സിന്റെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടുമാണ് അദ്ദേഹം അനഭിമതനായി മാറിയത്. അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനവും അതാണ് തെളിയിക്കുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയിയില്‍ പറയുന്നു.
ജനതാല്‍പ്പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞു. തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് കപ്പലില്‍ നിന്ന് കപ്പിത്താന് ആദ്യം തന്നെ കടലില്‍ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത ഈ കപ്പലില്‍ നിന്ന് സ്വയം നീന്തി രക്ഷപ്പെടാന്‍ കോണ്‍ഗ്രസ്സിന് വേണ്ടി ദീര്‍ഘകാലം ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗോപിനാഥിന്റെ മാതൃക കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കണമെന്നും സിപിഎം പ്രത്യാശ പ്രകടിപ്പിച്ചു.
തീരുമാനത്തെ സര്‍വ്വാത്മന സ്വാഗതം ചെയ്യുന്നതായും രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യ വാദികള്‍ക്കും ഒന്നിച്ചണിനിരക്കാന്‍ കഴിയണമെന്നും കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.