തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയാണ് ഉത്തരവിട്ടത്. തിരുവനന്തപുരം എസ്പി എസ് മധുസൂധനന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് കേസന്വേഷിക്കുക. മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കത്ത് വിവാദം സിപിഎമ്മും അന്വേഷിക്കും. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്തുവന്നത്. കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചുകൊണ്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. വിവാദമായ നിയമന കത്ത് താന്‍ എഴുതിയിട്ടില്ലെന്നായിരുന്നു മേയറുടെ വിശദീകരണം.