രാജ്യസഭാ സീറ്റ് കിട്ടിയേ തീരു; നിലപാട് കടുപ്പിച്ച് ഘടകകക്ഷികൾ, ഇടതുമുന്നണി നേതൃത്വം 'ത്രിശങ്കുവിൽ'
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് അവകാശവാദം ഘടകകക്ഷികള്‍ കടുപ്പിച്ചതോടെ ഇടതുമുന്നണിയില്‍ പ്രതിസന്ധി. സീറ്റ് കിട്ടിയേ തീരു എന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസിലും ആര്‍ജെഡിയും. നിലവിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐയും നിലപാടെടുത്തതോടെ ഇടതുമുന്നണി നേതൃത്വം വിഷമ വൃത്തത്തിലായി. പത്രികാസമര്‍പ്പണത്തിനുള്ള സമയമായിട്ടും രാജ്യസഭയിലേക്കുള്ള സീറ്റ് ധാരണയില്‍ ഇടതു പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ആയിട്ടില്ല.
കയ്യിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐ നേതൃത്വം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതിന് പിന്നാലെ കേരളാ കോണ്‍ഗ്രസും സ്വരം കടുപ്പിച്ചു. കോട്ടയത്തെ ലോക്‌സഭാ സീറ്റ് മുന്നണി മാറ്റത്തോടെ നഷ്ടമായി. ജോസ് കെ മാണിയുടെ പാര്‍ലമെന്റ് പ്രാതിനിത്യം കൂടി ഇല്ലാതായാല്‍ അണികള്‍ക്ക് മുന്നില്‍ ഉത്തരമില്ലാത്ത സാഹചര്യമുണ്ടാകും. ഇതിനാല്‍ തന്നെ രാജ്യസഭാ സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ക്യാബിനറ്റ് പദവി കൊണ്ടോ ഭരണ പരിഷ്‌കാര കമ്മീഷനിലോ ഒതുങ്ങാനാകില്ലെന്നും കേരളാ കോണ്‍ഗ്രസ് നേതൃത്വം നയം വ്യക്തമാക്കുന്നു.
അതേസമയം, മന്ത്രിസഭയിലും പ്രാതിനിത്യമില്ലാതെയും എംപി സ്ഥാനവുമില്ലാതെ ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് ആര്‍ജെഡി. പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടെന്നും അര്‍ഹിച്ച സീറ്റ് കിട്ടിയേ തീരുവെന്നും ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ് തുറന്നടിച്ചു.
രാജ്യസഭാ സീറ്റ് വേണമെന്ന് എന്‍സിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തല്‍ വിലപേശലും പരിഹാരവും എന്നായിരുന്നു മുന്നണി നേതൃത്വം കരുതിയതെങ്കിലും പുതിയ സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളും അത്ര എളുപ്പമാകില്ല. കേരള കോണ്‍ഗ്രസിനും ആര്‍ജെഡിക്കും നിലവിലുള്ള യുഡിഎഫ് അനുകൂല ചാഞ്ചാട്ടം കൂടി പരിഗണിച്ചാല്‍ രാജ്യസഭാ സീറ്റ് തര്‍ക്കവും തര്‍ക്ക വിഷയത്തിലെ പരിഹാരവും മുന്നണി സംവിധാനത്തിന്റെ ഭാവിക്ക് നിര്‍ണ്ണായകവുമാണ്.