പ്രൈവറ്റ്-വിദൂര കോഴ്‌സുകള്‍ ശ്രീനാരായണ ഓപണ്‍ സര്‍വകലാശാലയിലേക്ക്; വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കുമെന്ന് വിമര്‍ശനം

ശ്രീനാരായണ ഗുരു യൂണിവേഴ്‌സിറ്റിയുടെ തലക്കെട്ടില്‍ തന്നെ ഓപണ്‍ എന്ന് എഴുതിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ചില തൊഴിലുടമകള്‍ ഓപ്പണ്‍ എന്ന് കാണുമ്പോള്‍ തന്നെ നോ പറയുന്നവരാണ്

Update: 2022-06-21 10:44 GMT

തിരുവനന്തപുരം: കൊല്ലത്തെ ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയിലേക്ക് സംസ്ഥാനത്തെ എല്ലാ പ്രൈവറ്റ്-വിദൂര കോഴ്‌സുകളും മാറ്റാനുള്ള തീരുമാനത്തിനെതിരേ വിമര്‍ശനമുയരുന്നു. യുജിസി അംഗീകാരം പോലും ലഭിക്കാത്ത സര്‍വകലാശാലയിലേക്ക് പ്രൈവറ്റ്-വിദൂര ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ മാറ്റുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും ഈ ചര്‍ച്ച ഉയര്‍ന്നിരുന്നു. മാത്രവുമല്ല, ഓപണ്‍ യൂനിവേഴ്‌സിറ്റി എന്നത് പല വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാം കിട പഠനകേന്ദ്രങ്ങളായാണ് കാണുന്നത്.

കേരളത്തില്‍ നിലവിലുള്ള എല്ലാ സര്‍വകലാശാലകളും ദേശീയ-രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്നതും അംഗീകാരമുള്ളതുമാണ്. മാത്രവുമല്ല, ബിരുദ-ബിരുദാനന്തര റഗുലര്‍-പ്രൈവറ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളും പ്രത്യക്ഷത്തില്‍ ഒരു പോലുള്ളവയാണ്. അതുകൊണ്ട് തന്നെ ഈ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിനോ, ജോലിക്കോ സംബന്ധിക്കുന്നതിന് തടസ്സങ്ങളില്ല. എന്നാല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റില്‍ പ്രകടമായ വ്യത്യാസമുണ്ട് എന്നതാണ് പ്രധാന വിമര്‍ശനം. ശ്രീനാരായണ ഗുരു സര്‍വകലാശാലയുടെ തലക്കെട്ടില്‍ തന്നെ ഓപണ്‍ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ചില തൊഴിലുടമകള്‍ ഓപ്പണ്‍ എന്ന് കാണുമ്പോള്‍ തന്നെ നോ പറയുന്നവരാണ്.

ഇതു സംബന്ധിച്ച് പൊതുപ്രവര്‍ത്തകന്‍ ഖാദര്‍ പാലാഴി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പടി ചര്‍ച്ചയായിരിക്കുകയാണ്.

ഖാദര്‍ പാലാഴിയുടെ ഫേസ് ബുക് പോസ്റ്റ്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മാഡത്തോടാണ്.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ബിരുദ പിജി പ്രൈവറ്റ് രജിസ്‌ട്രേഷനും ഡിസ്റ്റന്‍സ് പ്രവേശനവും നിര്‍ത്തി വെക്കാന്‍ ഉത്തരവായിരിക്കയാണല്ലോ. എല്ലാംകൂടി കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലേക്ക് മാറ്റാനാണ് ഇത്. വിപ്ലവകരമായ പരിഷ്‌കാരമെന്ന് അവകാശപ്പെട്ട് കൊണ്ടാണല്ലോ ഈ തീരുമാനം. പക്ഷേ മണ്ടന്‍ തീരുമാനമാണ് മാഡം ഇത്. ഒറ്റയടിക്ക് കാണാവുന്ന കുഴപ്പങ്ങള്‍ എണ്ണിപ്പറയാം.

1. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റി പുതിയ സര്‍വകലാശാലയാണ്. കോഴ്‌സ് നടത്താനുള്ള യു.ജി.സി അംഗീകാരത്തിന് പോലും കാത്തിരിക്കയാണ്.

2. നിലവിലുള്ള സര്‍വകലാശാലകള്‍ NAAC അക്രഡിറ്റേഷനില്‍ താരതമ്യേന ഉയര്‍ന്ന റാങ്കുള്ളവയാണ്. ദേശീയ അന്തര്‍ദേശീയ തൊഴില്‍ കമ്പോളത്തില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത യൂണിവേഴ്‌സിറ്റികളാണ്. എസ്.എന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഥമ NAAC വിസിറ്റ് പോലും കഴിഞ്ഞിട്ടില്ല.

3. കേരളത്തിലെ മറ്റ് സര്‍വകലാശാലകളില്‍ പ്രൈവറ്റായും ഡിസ്റ്റന്‍സായും റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റനോട്ടത്തില്‍ റഗുലര്‍ സര്‍ട്ടിഫിക്കറ്റുകളിലേതിന് തുല്യമാണ്. എന്നാല്‍ എസ്.എന്‍ യൂണിവേഴ്‌സിറ്റിയിലെ തലക്കെട്ടില്‍ തന്നെ ഓപ്പണ്‍ എന്ന് എഴുതിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ചില തൊഴിലുടമകള്‍ ഓപ്പണ്‍ എന്ന് കാണുമ്പോള്‍ തന്നെ നോ പറയുന്നവരാണ്. ഇന്ത്യന്‍ തൊഴിലുടമകളിലും ഈ അസ്വീകാര്യതയുണ്ട്.

4. കാലിക്കറ്റില്‍ ഇപ്പോള്‍ 14 ഡിഗ്രി പ്രോഗ്രാമുകളും 12 പി.ജി പ്രോഗ്രാമുകളും ഡിസ്റ്റന്‍സ് െ്രെപവറ്റ് മോഡില്‍ നടത്തുന്നുണ്ട്. മറ്റ് സര്‍വകലാശാലകളിലും സമാന കോഴ്‌സുകളുണ്ട്. എസ്.എന്‍ യൂണിവേഴ്‌സിറ്റിക്ക് യു.ജി.സി അംഗീകാരം കൊടുത്താല്‍ തന്നെ ഒറ്റയടിക്ക് ഇത്രയും കോഴ്‌സുകള്‍ നടത്താന്‍ സമ്മതിക്കില്ല. പിന്നെയെന്തിന് 'ഉടന്‍ വിപ്ലവം' മാഡം.

5. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും റെഗുലര്‍ കോളജുകളുടെ ബഹളമായതിനാല്‍ അവിടങ്ങളില്‍ ഡിസ്റ്റന്‍സ് റജിസ്‌ട്രേഷന്‍ താരതമ്യേന കുറവാണ്. എന്നാല്‍ +2 പഠന സൗകര്യമില്ലാത്തത് പോലെ ഡിഗ്രി പി.ജി കോഴ്‌സുകളും കുറവായ മലബാറിലെ അവസാന ആശ്രയമാണ് ഈ തീരുമാനം വഴി താങ്കള്‍ ഇല്ലാതാക്കുന്നത്.

6. സാമൂഹികസാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങള്‍ വിദ്യാഭ്യാസം നേടുന്നതിന്റെ കാരണങ്ങളില്‍ പ്രധാനമായ ഒന്ന് പഠനാവസരങ്ങളുടെ ലഭ്യതയും സാമീപ്യവുമാണ്. മതിയായ റെഗുലര്‍ കോളജുകളോ ഉള്ള കോളജുകളില്‍ മതിയായ കോഴ്‌സുകളോ ഇവിടെ ഇല്ല. അങ്ങിനെയുള്ളവരെ പല പല ആവശ്യങ്ങള്‍ക്കായി കൊല്ലത്തേക്ക് നടത്തിക്കുന്നത് അവരെ കൂടുതല്‍ പിന്നോക്കമാക്കുകയല്ലേ ചെയ്യുക മാഡം.

7. ഏറ്റവും ചുരുങ്ങിയത് നിലവിലെ സര്‍വകലാശാലകള്‍ക്ക് ഡിസ്റ്റന്‍സ് കോഴ്‌സുകള്‍ നടത്താന്‍ UGC അനുവദിച്ച കാലാവധി തീരും വരെയെങ്കിലും അത് തുടരാന്‍ അനുവദിക്കുകയല്ലേ വേണ്ടത്.

ബഹുമാനപൂര്‍വം

ഖാദര്‍ പാലാഴി

Tags:    

Similar News