കോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി

Update: 2024-12-26 10:44 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്‍ഡ്യസഖ്യത്തോട് ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി.ഡല്‍ഹി നേതാവ് അജയ് മാക്കനെതിരെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികളോട് ആവശ്യപ്പെടുമെന്ന് എഎപി അറിയിച്ചു.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്, ബിജെപിയെ സഹായിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങും ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അജയ് മാക്കന്‍ ബിജെപി സ്‌ക്രിപ്റ്റ് വായിക്കുകയും ബിജെപിയുടെ നിര്‍ദേശപ്രകാരം പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നെന്നും സിങ് പറഞ്ഞു.

കോണ്‍ഗ്രസോ അജയ് മാക്കനോ ഡല്‍ഹിയിലെ ഒരു ബിജെപി നേതാവിനെയും ദേശവിരുദ്ധന്‍ എന്ന് വിളിച്ചിട്ടില്ലെന്നും എന്നാല്‍ അവര്‍ കെജരിവാളിനെ ദേശ വിരുദ്ധന്‍ എന്നു വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.

'അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു. ചണ്ഡീഗഡിലും കോണ്‍ഗ്രസിന് വേണ്ടി പ്രചരണം നടത്തി. പാര്‍ലമെന്റിലെ വിഷയങ്ങളില്‍ എഎപി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നു. ഞങ്ങളുടെ നേതാവിനെ നിങ്ങള്‍ ദേശവിരുദ്ധനെന്ന് വിളിക്കുന്നു, യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണോ? അദ്ദേഹം ചോദിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളും വാക്കുകളും വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി അതിഷി പറഞ്ഞു. 'ബിജെപിക്കെതിരെ കോണ്‍ഗ്രസ് എപ്പോഴെങ്കിലും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടോ? ഇല്ല. എന്നാല്‍ അവര്‍ എഎപി നേതാക്കള്‍ക്കെതിരെയാണ് അങ്ങനെ ചെയ്യുന്നത്.'അതിഷി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് വേളയില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പരസ്പരം സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തിയിരുന്നു.

അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചാണ് എഎപി അധികാരത്തില്‍ വന്നതെന്നും എന്നാല്‍ അവര്‍ ഡല്‍ഹിയില്‍ ജനലോക്പാല്‍ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    

Similar News