അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യതലസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കും: അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യതലസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെയാണ് കെജ്‌രിവാളിന്റെ വാഗ്ദാനം.
''ഞങ്ങളുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നതായിരിക്കും എന്റെ മുന്‍ഗണന. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഞങ്ങളുടെ ടീം വിശദമായ പദ്ധതി തയ്യാറാക്കുകയാണ്, തൊഴില്‍ എങ്ങനെ സൃഷ്ടിക്കാമെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളുടെ ഉദ്ദേശ്യങ്ങള്‍ സത്യസന്ധമാണ്. ആളുകളുടെ പിന്തുണയോടെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ദില്ലിയില്‍ നിന്ന് തൊഴിലില്ലായ്മ ഇല്ലാതാക്കും,'' കെജ്‌രിവാൾ പറഞ്ഞു.
തന്റെ സര്‍ക്കാരിന്റെ ട്രാക്ക് റെക്കോര്‍ഡ് ഉയര്‍ത്തിക്കാട്ടി, പഞ്ചാബിലെ എഎപി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്ക് 48,000 സര്‍ക്കാര്‍ ജോലികള്‍ നല്‍കുകയും മൂന്ന് ലക്ഷത്തിലധികം സ്വകാര്യമേഖലാ തൊഴിലുകള്‍ ഉറപ്പു നല്‍കുകയും ചെയ്‌തെന്ന് കെജ്‌രിവാൾ പറഞ്ഞു.
ഫെബ്രുവരി 5 നാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് ഫലം ഫെബ്രുവരി 8 ന് പ്രഖ്യാപിക്കും. നഗരത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് എഎപി.