നയതന്ത്രജ്ഞരുടെ കശ്മീര്‍ സന്ദര്‍ശനം തുടങ്ങി: 'ഗൈഡഡ് ടൂര്‍' ആണെന്ന ആരോപണം നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം
യുഎസ്, തെക്കന്‍ കൊറിയ, വിയറ്റ്‌നാം, ബംഗ്ലാദേശ്, മാല്‍ദ്വീവ്‌സ്, മൊറോക്കൊ, ഫിജി, നോര്‍വെ, ഫിലിപ്പൈന്‍സ്, അര്‍ജന്റീന, പെറു, നൈജീരിയ, ടോഗൊ, ഗുയാന തുടങ്ങിയ 15 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ശ്രീനഗര്‍: ആഭ്യന്തര മന്ത്രാലയം മുന്‍കൈ എടുത്ത് നടപ്പാക്കുന്ന നയതന്ത്ര പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. യുഎസ്, തെക്കന്‍ കൊറിയ, വിയറ്റ്‌നാം, ബംഗ്ലാദേശ്, മാല്‍ദ്വീവ്‌സ്, മൊറോക്കൊ, ഫിജി, നോര്‍വെ, ഫിലിപ്പൈന്‍സ്, അര്‍ജന്റീന, പെറു, നൈജീരിയ, ടോഗൊ, ഗുയാന തുടങ്ങിയ 15 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
നയതന്ത്രപ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം 'ഗൈഡഡ് ടൂറാ'ണെന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
കശ്മീരിന് സ്വതന്ത്രപദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയ ശേഷം നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ സന്ദര്‍ശനമാണ് ഇത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, തെക്കേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പ്രതിനിധികളെയാണ് ക്ഷണിച്ചിരുന്നത്. കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കാനും ഇന്ത്യയുടെ നിലപാടിന് ആഗോള പിന്തുണ നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നയതന്ത്രപ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം. എന്നാല്‍ ഇത്തരം ഗൈഡഗ് ടൂറുകള്‍ താഴെത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സഹായകരമാവില്ലെന്ന വിമര്‍ശനമുയര്‍ത്തി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശന പരിപാടിയില്‍ നിന്ന് ഒഴിഞ്ഞു.
എന്നാല്‍ ഗൈഡഡ് ടൂറെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് നയതന്ത്രപ്രതിനിധികള്‍ ശ്രീനഗറിലെത്തിയത്. അവിടെ നിന്ന് അവര്‍ സൈന്യത്തിന്റെ അകമ്പടിയോടെ മറ്റു സ്ഥലങ്ങളിലേക്ക് തിരിച്ചു. കശ്മീരിനെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്.
കൂട്ടമായ സന്ദര്‍ശനമാണെങ്കിലേ പങ്കെടുക്കാനാവൂ എന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ അറിയിച്ചതെന്നും എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടാണെന്നും രവിഷ് കുമാര്‍ പറഞ്ഞു. മാത്രമല്ല, അങ്ങനെയാണെങ്കില്‍ അത് ആളുകളുടെ എണ്ണം വര്‍ധിക്കുമെന്നും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
കശ്മീരിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ കാണുമോ എന്ന ചോദ്യത്തിന് സന്ദര്‍ശനം ഇനിയും അവസാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി.