ഭിന്ദ്രന്‍വാലയുടെ ചിത്രം കര്‍ത്താര്‍പൂര്‍ തീര്‍ത്ഥാടന വീഡിയോയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഇന്ത്യ

തീര്‍ത്ഥാടനസമയത്ത് ഒരു തരത്തിലുള്ള ഇന്ത്യാവിരുദ്ധ നടപടിയും അനുവദിക്കരുതെന്ന് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ നേരത്തെ ധാരണ എത്തിയതാണെന്നും തീരുമാനങ്ങളില്‍ പാകിസ്താന്‍ ഉറച്ചുനില്‍ക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് ആവശ്യപ്പെട്ടു.

Update: 2019-11-07 13:58 GMT

ന്യൂഡല്‍ഹി: ജര്‍ണയില്‍സിങ് ഭിന്ദ്രന്‍വാലയുടെയും മറ്റ് മൂന്ന് പേരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കര്‍ത്താര്‍പൂര്‍ തീര്‍ത്ഥാടന വീഡിയോയും പോസ്റ്ററുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് പാകിസ്താനോട് പ്രതിഷേധമറിയിക്കുകയും പോസ്റ്ററുകളും വീഡിയോകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പാക് നടപടിയിയെ രവീഷ് ശക്തമായി അപലപിച്ചു.

തീര്‍ത്ഥാടനസമയത്ത് ഒരു തരത്തിലുള്ള ഇന്ത്യാവിരുദ്ധ നടപടിയും അനുവദിക്കരുതെന്ന് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ നേരത്തെ ധാരണ എത്തിയതാണെന്നും തീരുമാനങ്ങളില്‍ പാകിസ്താന്‍ ഉറച്ചുനില്‍ക്കണമെന്നും രവീഷ് ആവശ്യപ്പെട്ടു.

പാകിസ്താന്‍ വാര്‍ത്താപ്രക്ഷേപണമന്ത്രാലയം കര്‍ത്താര്‍പൂര്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പഞ്ചാബി ഭാഷയിലുള്ള വീഡിയോയിലും പോസ്റ്ററിലുമാണ് ഭിന്ദ്രന്‍വാലയുടെ അടക്കം മൂന്നു പേരുടെ ചിത്രങ്ങള്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ചത്. ഭിന്ദ്രന്‍വാല, മേജര്‍ ജനറല്‍ ഷാബെഗ് സിങ്, അമ്രിക് സിങ് ഖല്‍സ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 1984 ലെ സുവര്‍ണക്ഷേത്ര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ നേതാക്കളായിരുന്നു മൂവരും.

പാകിസ്താനിലെ കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബര്‍ സാഹിബിലെ തീര്‍ത്ഥാടവും ഗുരുനാനാക്കിന്റെ 550 ാം ജന്മവാര്‍ഷികവും ഈ നവംബര്‍ 12 നാണ് ആരംഭിക്കുന്നത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിനെ അടക്കം ചെയ്തിട്ടുള്ളത് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലാണ്. സിഖുകാരെ സംബന്ധിച്ചടത്തോളം മതപരമായ വലിയ പ്രാധാന്യമുള്ള സ്ഥലവുമാണിത്. 550ാം ആഘോഷ പരിപാടികള്‍ ഒരു വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കും. ഒരു ദിവസം അയ്യായിരം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കാണ് പാകിസ്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ആഘോഷപരിപാടിയുടെ ഭാഗമായാണ് പാകിസ്താന്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം വീഡിയോ പുറത്തിറക്കിയത്. 

Tags:    

Similar News