മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പിരിക്കാന്‍ ഖാലിസ്താന്‍ വാദികള്‍ ക്രിസ്ത്യാനികളെ എരികേറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രത്യേകരാജ്യം നിര്‍മിക്കാന്‍ മണിപ്പൂരിലെ ക്രിസ്ത്യന്‍ സമൂഹത്തെ എസ്എഫ്‌ജെ എരികേറ്റുന്നു. 'ദ്രാവിഡസ്ഥാന്‍' രൂപീകരിക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

ന്യൂഡല്‍ഹി: മണിപ്പൂരിനെ ഇന്ത്യയില്‍ നിന്നു വേര്‍പിരിക്കാന്‍ ഖാലിസ്താന്‍ വാദികള്‍ ക്രിസ്ത്യാനികളെ എരികേറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നിരോധനം നീട്ടിയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവര്‍ക്കെതിരെ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ആക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്. വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.

എസ്എഫ്‌ജെ നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നു
ന്യൂനപക്ഷ സമുദായങ്ങളെ മറ്റു സമുദായങ്ങള്‍ക്കെതിരേ കൊണ്ടുവന്നാണ് ഇന്ത്യാ വിരുദ്ധ അജണ്ഡ എസ്എഫ്‌ജെ നടപ്പാക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ട് പറയുന്നു. പ്രത്യേകരാജ്യം നിര്‍മിക്കാന്‍ മണിപ്പൂരിലെ ക്രിസ്ത്യന്‍ സമൂഹത്തെ എസ്എഫ്‌ജെ എരികേറ്റുന്നു. 'ദ്രാവിഡസ്ഥാന്‍' രൂപീകരിക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷ പീഡനമുണ്ടെന്ന് പ്രചരിപ്പിച്ച് പ്രത്യേക 'ഉര്‍ദുസ്ഥാന്‍' രൂപീകരിക്കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നു. ഇന്ത്യയില്‍ ദലിതര്‍ പീഡനം നേരിടുകയാണെന്ന് പ്രചരിപ്പിച്ച് ദലിതരെ വിഘടനവാദികളാക്കാന്‍ ശ്രമം നടക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരെ ഏകോപിപ്പിച്ചതിലും എസ്എഫ്‌ജെക്ക് പങ്കുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ സൈന്യത്തിലെയും പോലിസ് സേനയിലെയും സിഖ് ഉദ്യോഗസ്ഥരെ രാജിവെപ്പിക്കാന്‍ എസ്എഫ് ജെ ശ്രമിക്കുകയാണെന്നും റിപോര്‍ട്ട് ആരോപിക്കുന്നു. കശ്മീരിലെ വിഘടനവാദികളുമായും മറ്റു പ്രദേശങ്ങളിലെ വിഘടനവാദികളുമായും ചേര്‍ന്നാണ് എസ്എഫ്‌ജെ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ എസ്എഫ്‌ജെ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ ഏജന്‍സികള്‍ 104 കേസുകള്‍ എടുത്തിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.