യൂസുഫ് അലി വിമര്‍ശിച്ചത് കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് മുരളീധരന്‍; 'അനിത പുല്ലയില്‍ എത്തിയതില്‍ സ്പീക്കര്‍ മറുപടി പറയണം'
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ചുമ്മാ വിടുവായത്തം അടിക്കരുത്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോക കേരള സഭയില്‍ എത്തിയതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. കുറ്റാരോപിത എത്തിയത് നിയമസഭയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. പാസ് ഇല്ലാതെ അനിത പുല്ലയില്‍ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവര്‍ എങ്ങനെ കടന്നു. സ്പീക്കര്‍ക്ക് എന്തുകൊണ്ട് തടയാനായില്ല. ഇതിന് സ്പീക്കര്‍ മറുപടി പറയണം. കളങ്കിതരായ ആളുകള്‍ ഭരണത്തിന്റെ പങ്ക് പറ്റുകയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
പ്രതിപക്ഷത്തിന് നേരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്താം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ചുമ്മാ വിടു വായത്തം അടിക്കരുത്. സ്വയം മലര്‍ന്ന് കിടന്നു തുപ്പി വഷളാവരുതെന്നും ചുമ്മാ വെടിവെച്ചാല്‍ പോരെന്നും മുരളീധരന്‍ പരിഹസിച്ചു.
ലോക കേരളസഭയില്‍ പ്രതിപക്ഷത്തിനെതിരെ വ്യവസായി എംഎ യൂസഫലി വിമര്‍ശനമുന്നയിച്ചത് കാര്യങ്ങള്‍ മനസിലാകാതെയാണ്. പ്രവാസികള്‍ ഭക്ഷണം കഴിച്ചതിനെ ആരും ധൂര്‍ത്താണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അനിതയ്ക്ക് ക്ഷണമില്ലായിരുന്നെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും അനിത പങ്കെടുത്തത്. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലാത്ത സ്ഥിതിക്കും ലോക കേരള സഭയില്‍ പങ്കെടുക്കാത്ത സ്ഥിതിക്കും അന്വേഷണം ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
ലോക കേരള സഭ അതിഥികളായി പങ്കെടുക്കേണ്ട വ്യക്തിത്വങ്ങളെ നേരത്തെ തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഈ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്നാണ് നോര്‍ക്ക നല്‍കുന്ന വിശദീകരണം. ഇറ്റലിയില്‍ നിന്നുള്ള പ്രവാസിയായ അനിത മുന്‍പ് ലോക കേരള സഭയില്‍ പങ്കെടുത്തിട്ടുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും സമാപന ദിവസമായ ഇന്നലെയും നിയമസഭയില്‍ ചുറ്റിക്കറങ്ങിയിരുന്നു. സഭ ടിവിയുടെ ഓഫിസ് മുറിയില്‍ പ്രവേശിച്ച അനിതയെ മാധ്യമങ്ങള്‍ വളഞ്ഞതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്തേക്ക് മാറ്റി.