കെജ് രിവാളിന് നിര്‍ണായകം; ഇഡി നടപടി ചോദ്യംചെയ്തുള്ള ഹരജിയില്‍ വിധി ഇന്ന്
ന്യൂഡല്‍ഹി: ഇഡിയുടെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഇത് നിയമ വിരുദ്ധമാണ് എന്നുമാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ആക്ഷേപം.
റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഭിഭാഷകന് നല്‍കാതെയാണ് റിമാന്‍ഡ് ചെയ്തത്. ഇതും നിയമ വിരുദ്ധമാണെന്ന് അരവിന്ദ് കെജ്രിവാള്‍ വാദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുക. നേരത്ത് ഈ കേസില്‍ വാദം കേട്ട കോടതി കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇ ഡിയോട് ആവശ്യപ്പെട്ടിരുന്നു. തെളിവുകള്‍ തങ്ങള്‍ക്ക് മുന്‍പില്‍ ഹാജരാക്കാനും അവ വിശദമായി പരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു.
അതേസമയം ഡല്‍ഹി മദ്യനയ കേസില്‍ ജാമ്യം തേടി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ മറുപടി പറയാന്‍ ഡല്‍ഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ സിബിഐ അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ നിന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വാങ്ങിയിരുന്നത്.
തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കോടതി നേരത്തെ കെജ്രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ കെജ്രിവാള്‍ സൗത്ത് ഗ്രൂപ്പുമായിചര്‍ച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ കെജ്രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.