നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ് രിവാള്‍

Update: 2024-05-18 14:21 GMT

ന്യൂഡല്‍ഹി: ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. തന്റെ നേതാക്കളെ ഓരോരുത്തരെയായി അകാരണമായി അറസ്റ്റ് ചെയ്യുകയാണ്. നാളെ ബിജെപി ആസ്ഥാനത്തേക്ക് വരും. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് കെജ് രിവാള്‍ വെല്ലുവിളിച്ചു.

'അവര്‍ സജ്ഞയ് സിംഗിനെ ജയിലിലാക്കി. ഇന്ന് എന്റെ അനുയായി ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും മടങ്ങിയെത്തുന്ന രാഘവ് ഛദ്ദയെയും അറസ്റ്റ് ചെയ്യുമെന്നാണ് ഇന്നവര്‍ പറഞ്ഞത്. സൗരഭ് ഭരദ്വാജിനെയും അതീഷിയെയും അറസ്റ്റ് ചെയ്യുമെന്ന് അവര്‍ പറയുന്നു. എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നേതാക്കളെ വേട്ടയാടുന്നത്.' കെജ് രിവാള്‍ പറഞ്ഞു.

ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തുവെന്ന് അത്ഭുതപ്പെട്ടുപോവുകയാണ്. ഡല്‍ഹിയിലെ ദരിദ്രര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്. നഗരത്തില്‍ മൊഹല്ല ക്ലിനിക്കുകള്‍ ചെയ്തതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്. ബിജെപിക്ക് ഇതൊന്നും ചെയ്യാന്‍ സാധിക്കില്ല. അതിനാലാവണം തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നും കെജ് രിവാള്‍ പറഞ്ഞു.

നാളെ മുഴുവന്‍ നേതാക്കള്‍ക്കൊപ്പം 12 മണിക്ക് തന്റെ നേതൃത്വത്തില്‍ ബിജെപി ആസ്ഥാനത്തെത്താം. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂവെന്നും കെജ് രിവാള്‍ പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ബിഭവ് കുമാറിനെ ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍ എടുത്തത്.






Tags:    

Similar News