കെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി; ബിജെപിയുടെ മുഖത്തേറ്റ തിരിച്ചടിയെന്ന് സതീശന്‍
തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടുപോവാനാവില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സര്‍ക്കാര്‍ കുഴിച്ചുമൂടാന്‍ നോക്കിയത്. ഇഡിയെപോലുള്ള ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിര്‍പ്പ് കൂടിയാണ് വിധിയില്‍ തെളിയുന്നതെന്നും പിണറായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ. കോടതി വിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമാണ്. ഇന്‍ഡ്യ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഊര്‍ജവും നല്‍കുന്നതാണ് സുപ്രിം കോടതി വിധി. കെജ്‌രിവാള്‍ പ്രചാരണ രംഗത്ത് എത്തുന്നത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇന്‍ഡ്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാവും. വര്‍ഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തിരഞ്ഞെടുപ്പില്‍ ജനം കനത്ത തിരിച്ചടിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.