
തിരുവനന്തപുരം: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും ഇയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പാതിവില തട്ടിപ്പു പരാതിയില്‍ മൂവാറ്റുപുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനന്തുകൃഷ്ണന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
തൊടുപുഴ കൂടത്തൂര്‍ സ്വദേശിയായ അനന്ദു കൃഷ്ണന്‍ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍, സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഡവലപ്മെന്റല്‍ സ്റ്റഡീസ് തുടങ്ങിയവയുടെ പേരുകളിലാണ് തട്ടിപ്പ് നടത്തിയത്. ബ്ലോക്ക് തലത്തില്‍ സീഡ് സൊസൈറ്റികള്‍ രൂപീകരിച്ചും മുന്‍പുണ്ടായിരുന്ന ചില പ്രാദേശിക സംഘടനകളെ കൂട്ടുപിടിച്ചുമായിരുന്നു തട്ടിപ്പ്.
2022 മുതല്‍ ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന്‍ എന്നിവ 50% ഇളവില്‍ നല്‍കും എന്ന് സംസ്ഥാനത്തുടനീളം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴയില്‍ മാത്രം ഇയാള്‍ ഈ പേരില്‍ 9 കോടി തട്ടിയെടുത്തു. വന്‍കിട കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പാതി വിലക്ക് സാധനങ്ങള്‍ നല്‍കുന്നത് എന്നാണ് അനന്ദുവിന്റെ വാദം.
പെരുമ്പല്ലൂര്‍ വെള്ളിക്കട റെജി വര്‍ഗീസ് എന്ന വീട്ടമ്മ നല്‍കിയ പരാതിയിലാണ് പോലിസ് അനന്തു കൃഷ്ണനെതിരേ അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായതോടെയാണ് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരേ വരികയായിരുന്നു. കേസ് നിലവില്‍ പോലിസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.