കപ്പ് ഓഫ് ലൈഫ് പദ്ധതിയുമായി ഹൈബി ഈഡന്‍ എംപി
ആഗസ്റ്റ് 30 നു വൈകിട്ട് ആരംഭിച്ച് 31 ന് വൈകിട്ട് സമാപിക്കുന്ന തരത്തില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ 100 വേദികളിലായി 24 മണിക്കൂറിനുള്ളില്‍, ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യും.
കൊച്ചി: ആര്‍ത്തവ ശുചിത്വ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താനും സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വ അവബോധം സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പരിപാടി ആഗസ്റ്റ് 30, 31 തീയതികളില്‍ നടക്കും. ഉപഭോക്തൃ സൗഹൃദവും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവും ലാഭകരവുമായ മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ച് വ്യക്തമായ ബോധവത്കരണം നടത്തുകയും ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്യുന്നതുമാണ് കപ്പ് ഓഫ് ലൈഫ് പദ്ധതിയെന്ന് ഹൈബി ഈഡന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി എറണാകുളം ജില്ലാ ഭരണകൂടം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ ) കൊച്ചി എന്നിവരുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.ആഗസ്റ്റ് 30 നു വൈകിട്ട് ആരംഭിച്ച് 31 ന് വൈകിട്ട് സമാപിക്കുന്ന തരത്തില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ 100 വേദികളിലായി 24 മണിക്കൂറിനുള്ളില്‍, ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പ്രധാന പരിപാടി. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി രണ്ടു മാസം നീളുന്ന വിവിധ ബോധവല്‍ക്കരണ, കലാ, സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
ഓരോ വേദിയിലും പരിശീലനം ലഭിച്ച 6 വോളണ്ടിയര്‍മാര്‍ വീതമുണ്ടാകും. ഐ എം എ കൊച്ചിയുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വോളണ്ടിയര്‍മാര്‍ എല്ലാ വേദികളിലും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കേണ്ട വിധം തത്സമയം വിശദീകരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. ലോകത്താദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നതെന്നും ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.
മെന്‍സ്ട്രല്‍ കപ്പ് വിതരണം എന്നതിനപ്പുറം സ്ത്രീശാക്തീകരണത്തിന് വേണ്ടിയുള്ള ശക്തമായ ചുവട് വെയ്പ്പായി കപ്പ് ഓഫ് ലൈഫ് പരിപാടി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ത്തവകാലഘട്ടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും കന്യകാത്വത്തെ സംബന്ധിച്ചുള്ള പൊതു സമൂഹത്തിന്റെ ബോധ്യങ്ങളും പൊതു ചര്‍ച്ചയ്ക്ക് വഴി തുറക്കാന്‍ കപ്പ് ഓഫ് ലൈഫ് പദ്ധതിയിലൂടെ സാധിക്കുമെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.പദ്ധതിയുടെ പ്രാരംഭ പഠനത്തിന്റെ ഭാഗമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കിയിരുന്നു. പഞ്ചായത്തിലെ 17 വാര്‍ഡുകളിലും ഇത് സംബന്ധിച്ച ബോധവല്‍ക്കരണവും 4000 കപ്പുകളുടെ വിതരണവും നടത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു പൈലറ്റ് പദ്ധതിയ്ക്ക് ലഭിച്ചതെന്നും ഇതേ തുടര്‍ന്നാണ് മുത്തൂറ്റ് ഫിനാന്‍സുമായി സഹകരിച്ച് കപ്പ് ഓഫ് ലൈഫുമായി രംഗത്തെത്ത് വന്നതെന്നും ഹൈബി പറഞ്ഞു.
സാനിറ്ററി പാഡുകള്‍ക്കായി ഏകദേശം ഒരുലക്ഷം രൂപയാണ് ഒരു സ്ത്രീ ജീവിതത്തിലുടനീളം ചെലവഴിക്കേണ്ടി വരിക. 3000 ദിവസങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിലൂടെ 3000 സ്വതന്ത്ര ദിവസങ്ങള്‍ എന്ന സന്ദേശമാണ് കപ്പ് ഓഫ് ലൈഫ് പരിപാടിയിലൂടെ നല്‍കുന്നത്. ഒരു കപ്പ് നാലോ അഞ്ചോ വര്‍ഷം വരെ ഉപയോഗിക്കാമെന്നതിനാല്‍ സാമ്പത്തിക ലാഭവുമുണ്ട്. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 12 ബില്ല്യണ്‍ ഉപയോഗിച്ച പാഡുകളാണ് പ്രകൃതിയ്ക്ക് ഭീഷണിയാകുന്നത്. പാഡുകളുടെ സംസ്‌കരണം ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ ആശുപത്രികള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് അടക്കമുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കപ്പെടുന്നു.
ആര്‍ത്തവ ദിനങ്ങളില്‍ പല കുട്ടികളും അകാരണമായ ആശങ്കയ്ക്കും ഉത്ക്കണ്ഠയ്ക്കും അടിമപ്പെടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ ശക്തമായ ബോധവത്കരണം നടത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് കപ്പ് ഓഫ് ലൈഫ് പദ്ധതി നടപ്പാക്കുന്നതെന്നും ഹൈബി ഈഡന്‍ എംപി ചൂണ്ടിക്കാട്ടി.പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വ്യവസായ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വേദിയൊരുക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകളും കോളജുകളും 04843503177 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.മുത്തൂറ്റ് ഫിനാന്‍സ് എംഡി അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, കപ്പ് ഓഫ് ലൈഫ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. ജുനൈദ് റഹ്മാന്‍, ഐ എം എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ് , ഐ എം എ കൊച്ചി വൈസ് പ്രസിഡന്റ് എം എം ഹനീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.