ലുലു മാളിലെ അനധികൃത പാര്‍ക്കിംഗ് ഫീസ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എസ്ഡിപിഐ
കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളിലും മാളുകളിലും പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് നിയമപരമല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദന്‍മാസ്റ്റര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതിനുശേഷവും ലുലു മാളില്‍ അനധികൃത പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് തുടരുകയാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി:ലുലു മാളിലെ അനധികൃത പാര്‍ക്കിംഗ് ഫീസ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളിലും മാളുകളിലും പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് നിയമപരമല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദന്‍മാസ്റ്റര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതിനുശേഷവും ലുലു മാളില്‍ അനധികൃത പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് തുടരുകയാണെന്ന് അജ്മല്‍ കെ മുജീബ് പറഞ്ഞു.
1999ലെ കേരള മുനിസിപ്പല്‍ ആക്റ്റ് അനുസരിച്ച് നിശ്ചിത പാര്‍ക്കിംഗ് ഏരിയയുള്ള കൊമേഷ്യല്‍ ബില്‍ഡിങ്ങുകള്‍ക്കാണ് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നത്.നിയമപരമായി കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിച്ച പെര്‍മിറ്റിന്റെ മറവില്‍ പണം പിരിക്കുന്നത് അതിനാല്‍ നിയമവിരുദ്ധമാണ്. അയ്യായിരത്തോളം വാഹനങ്ങള്‍ ദിവസവും എത്തുന്ന ലുലു മാളില്‍ നിയമപരമായി ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശം തടഞ്ഞുകൊണ്ട് ലക്ഷങ്ങളാണ് ലുലു മാള്‍ പിരിച്ചെടുക്കുന്നത്.
കസ്റ്റമേഴ്‌സിന് സൗജന്യ പാര്‍ക്കിംഗ് നല്‍കണമെന്ന വിവിധ കോടതി ഉത്തരവുകള്‍ കാറ്റില്‍പറത്തി കൊണ്ടാണ് ലുലുമാളിന്റെ നടപടി.ബില്‍ഡിങ്ങിന് കമേഴ്‌സ്യല്‍ ടാക്‌സ് കൊടുക്കുന്നുണ്ട് എന്നതുകൊണ്ട് എന്തും ചെയ്യാം എന്ന ധിക്കാരം അംഗീകരിക്കാനാവില്ല. ഇത് സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് മറുപടി പറഞ്ഞ വകുപ്പ് മന്ത്രിയുടെ നിലപാട് ജനവിരുദ്ധവും കോര്‍പ്പറേറ്റിനെ സംരക്ഷിക്കുന്നതുമാണെന്ന് അജ്മല്‍ കെ മുജീബ് കുറ്റപ്പെടുത്തി.
അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴയൊടുക്കണമെന്നും, നല്‍കിയ ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ 150 രൂപ ഫൈന്‍ നല്‍കണമെന്നുമാണ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാല്‍,വാഹനത്തിന് എന്തെങ്കിലും പറ്റിയാല്‍ മാനേജ്‌മെന്റെിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ല എന്നും പറയുന്നു.
കൊച്ചി നഗരത്തില്‍ ലുലുമാളിനെ കൂടാതെ മറ്റുചില സ്ഥാപനങ്ങളും അനധികൃതമായി പണപ്പിരിവ് നടത്തുന്നുണ്ട്. കൊമേഴ്‌സില്‍ ബില്‍ഡിങ്ങുകളുടെ പാര്‍ക്കിംഗ് ഫീസ് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും ഈ മഹാമാരി കാലത്തും ലക്ഷക്കണക്കിന് രൂപ ജനങ്ങളില്‍ നിന്നും കൊള്ളയടിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് എസ്ഡിപിഐ നേതാക്കള്‍ മുന്നറിയിപ്പുനല്‍കി. എസ്ഡിപിഐ നേതാക്കളായ ഹാരിസ് ഉമര്‍,ഷാജഹാന്‍ തടിക്കകടവ്,നാസിം പുളിക്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.