പെണ്‍കുട്ടികളുടെ വിവാഹ പ്രായം: സഭയ്ക്ക് പ്രത്യേക നിലപാടില്ല; രാജ്യത്തിന്റെ നിയമത്തിനൊപ്പം നില്‍ക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

സഭയുടെ കാനോനിക നിയമം അനുസരിച്ച് ഇതുവരെ പെണ്‍കുട്ടികള്‍ക്ക് 18 വയസാണ് വിവാഹപ്രായമായി നിശ്ചയിച്ചിരിക്കുന്നത്.എന്നാല്‍ വിവാഹ പ്രായത്തില്‍ രാജ്യത്തെ നിയമം മാറുകയാണെങ്കില്‍ അതനുസരിച്ച് സഭയുടെ നിയമത്തിനും വ്യത്യാസം വരുത്തുമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി

Update: 2021-12-20 09:28 GMT

കൊച്ചി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി) പ്രസിഡന്റും സീറോ മലബാര്‍ സഭ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സഭയുടെ കാനോനിക നിയമം അനുസരിച്ച് ഇതുവരെ പെണ്‍കുട്ടികള്‍ക്ക് 18 വയസാണ് വിവാഹപ്രായമായി നിശ്ചയിച്ചിരിക്കുന്നത്.എന്നാല്‍ വിവാഹ പ്രായത്തില്‍ രാജ്യത്തെ നിയമം മാറുകയാണെങ്കില്‍ അതനുസരിച്ച് സഭയുടെ നിയമത്തിനും വ്യത്യാസം വരുത്തുമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.

സഭയിലെ വ്യക്തികളും രാഷ്ട്രീയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് അവരുടേതായ അഭിപ്രായ പ്രകടനം നടത്തിയെന്നു വരും. എന്നാല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇത്രയായിരിക്കണമെന്ന് സഭ സര്‍ക്കാരിനോട് ആവശ്യപ്പെടില്ലെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി. സീറോ മലബാര്‍ സഭയില്‍ കുര്‍ബ്ബാന ഏകീകരണം നടപ്പിലായി വരികയാണെന്ന് ചോദ്യത്തിന് മറുപടിയായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.

സിനഡിന്റെ തീരുമാനം അംഗീകരിക്കണമെന്നത് സഭയുടെ പൊതുനിയമമാണ്.സിനഡിന്റെ തീരുമാനം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് സഭാ വിശ്വാസികളും വൈദികരും പറഞ്ഞെന്നു വരാം.കുര്‍ബ്ബാന ഏകീകരണം നടപ്പിലാക്കാനുള്ള കാലപരിധി നല്‍കിയിരിക്കുന്നത് ഈസ്റ്റര്‍ വരെയാണ്.എല്ലാ രൂപതകള്‍ക്കുമുള്ള ഇളവ് ഈസ്റ്റര്‍ വരെയാണെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.സംസ്ഥാനത്ത് നടക്കുന്ന അരുംകൊലകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരും നിയമപാലകരും നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

ആലപ്പുഴയില്‍ ഉണ്ടായിരിക്കുന്ന കൊലപാതകം രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്നാണ് വ്യക്തമാകുന്നതെന്നും അതിന് മതത്തിന്റെ പരിവേഷമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ചോദ്യത്തിന് മറുപടിയായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.കൊലാപതങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കൊലപാതകള്‍ക്കെതിരെ പൊതു മനസാക്ഷി ഉണരണമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.

Tags:    

Similar News