തിരഞ്ഞെടുപ്പിനിടേ വര്‍ദ്ധിച്ചുവരുന്ന മത ദുരുപയോഗം തടയുക: മായാവതി

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാതെയും വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാതെയും അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വിജയിക്കാനാകില്ലെന്ന് മായാവതി അവകാശപ്പെട്ടു

Update: 2022-01-10 03:48 GMT

ലഖ്‌നൗ: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ചുവരുന്ന മതത്തിന്റെ ദുരുപയോഗം തടയാന്‍ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബിഎസ്പി പ്രസിഡന്റ് മായാവതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാതെയും വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാതെയും അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വിജയിക്കാനാകില്ലെന്ന് മായാവതി അവകാശപ്പെട്ടു.

മതം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് സമയത്ത് നടന്നിട്ടുണ്ടെന്നും, ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നുണ്ടെന്നും മായാവതി പറഞ്ഞു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അധികാരവും മതവും ദുരുപയോഗം ചെയ്യുന്ന ശീലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തിരഞ്ഞെടുപ്പുകളില്‍ വര്‍ദ്ധിച്ചതായി മായാവതി പറഞ്ഞു. ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയോ ഇവിഎമ്മുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുകയോ ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് ബിഎസ്പി അധ്യക്ഷന്‍ അവകാശപ്പെട്ടു.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് പുറത്താക്കിയ നേതാക്കളെ ഉള്‍പ്പെടുത്തി,മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി 403 സീറ്റുകളില്‍ 400 സീറ്റുകള്‍ നേടാമെന്ന് സ്വപ്നം കാണുന്ന ഒരു പാര്‍ട്ടി സംസ്ഥാനത്ത് ഉണ്ടെന്നും, എന്നാല്‍ മാര്‍ച്ച് 10 ന് ബിഎസ്പി ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ അവരുടെ സ്വപ്നം തകരുമെന്നും സമാജ്‌വാദി പാര്‍ട്ടിയെ പേരെടുത്തു പറയാതെ മായാവതി വിമര്‍ശിച്ചു.'പാര്‍ട്ടികളുടെ വശീകരണ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍' ജാഗ്രത പാലിക്കണമെന്ന്,മായാവതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.



Tags:    

Similar News