ഡല്‍ഹിയില്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ദഹിപ്പിച്ച സംഭവം; ബ്രാഹ്മണ പുരോഹിതന്‍ കുറ്റം സമ്മതിച്ചിരുന്നുവെന്ന് കുടുംബവും അയല്‍ക്കാരും

Update: 2021-08-05 17:00 GMT

ന്യൂഡല്‍ഹി: ഡല്‍ഹി പുരാനി നംഗലില്‍ ഒന്‍പതു വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് മൃതദേഹം ബലമായി ദഹിപ്പിച്ച സംഭവം നടന്ന രാത്രി താന്‍ കുറ്റം ചെയ്ത കാര്യം പ്രതിയായ ബ്രാഹ്മണ പുരോഹിതന്‍ സമ്മതിച്ചതായി കുടുംബവും അയല്‍ക്കാരും. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് നിര്‍ബന്ധപൂര്‍വം ദഹിപ്പിച്ചതായി പ്രതി, രാധേ ശ്യാം സമ്മതിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അയല്‍ക്കാരി ദിക്ഷ, ദി വയറിനോട് വെളിപ്പെടുത്തിയത്. ഡല്‍ഹി പുരാനി നംഗലിലെ വൈദ്യുതി ശ്മശാനത്തിലെ പുരോഹിതനാണ് രാധേശ്യാം. 

കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ ഒമ്പതു വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ പ്രതികളായ പുരോഹിതനെയും മറ്റ് നാല് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വൈകീട്ട് ആറു മണിക്കാണ് രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചത്. ആ സമയത്ത് മകള്‍ വീണു കിടക്കുന്നത് കണ്ട അമ്മയോട് പെണ്‍കുട്ടി കൂളറില്‍ നിന്ന് ഷോക്കേറ്റ് മരിച്ചെന്ന് അയാള്‍ പറഞ്ഞു. മകളുടെ ചുണ്ട് കരുവാളിച്ചതും വസ്്ത്രം പിന്നിയതും എന്തുകൊണ്ടാണെന്ന ചോദിച്ചെങ്കിലും അയാള്‍ മറുപടി പറഞ്ഞില്ല. പോലിസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ചിതയില്‍ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് കത്തിക്കുകയായിരുന്നു.

ശ്മശാനത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന അമ്മയെ കണ്ട അയല്‍ക്കാരിക്ക് സംശയം തോന്നി കാര്യം അന്വേഷിച്ചു. അപ്പോഴാണ് ഷോക്കേറ്റ് മകള്‍ മരിച്ചതും സംസ്‌കരിച്ചതും പറഞ്ഞത്. അയല്‍ക്കാരി ആളുകളെ വിളിച്ചുകൂട്ടി ശ്മശാനത്തിലെത്തി. ആ സമയത്ത് പ്രതിയും കൂട്ടുപ്രതികളും മദ്യപിക്കുകയായിരുന്നു.

അവര്‍ കൂട്ടമായി ചോദ്യം ചെയ്തതോടെ പ്രതി ഭയന്നു. ചിത അണച്ച് കത്തിത്തീര്‍ന്നിട്ടില്ലാത്ത ഭാഗങ്ങള്‍ അവര്‍ വീണ്ടെടുത്തു. പക്ഷേ, കാല് മാത്രമാണ് ലഭിച്ചത്.

ആ സമയത്താണ് പുരോഹിതനും കൂട്ടാളികളും ബലാല്‍സംഗം ചെയ്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്.

കൊലപാതകം കുടുംബവും അയല്‍ക്കാരും പോലിസിലറിയിച്ചെങ്കിലും അവരുടെ പ്രതികരണം നിരാശാജനകമായിരുന്നു. ജനങ്ങള്‍ മൂന്ന് ദിവസ്‌ത്തോളം കുത്തിയിരിപ്പ് നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായത്.

Tags:    

Similar News