'പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കരുത്, അവര്‍ ഒളിച്ചോടും'; വിവാദപ്രസ്താവനയുമായി യുപി വനിതാ കമ്മീഷന്‍ അംഗം

Update: 2021-06-10 15:06 GMT

ന്യൂഡല്‍ഹി: ബലാല്‍സംഗ കേസുകള്‍ വര്‍ധിക്കുന്നതിനെയും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള സംസ്ഥാനത്തിന്റെ പദ്ധതികളെയും കുറിച്ചുള്ള ചോദ്യത്തിന് വിവാദ മറുപടിയായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം മീനാ കുമാരി രംഗത്ത്. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കരുതെന്നും കൊടുത്താല്‍ അവര്‍ ആണ്‍കുട്ടികളുമായി സംസാരിച്ച് ഒടുവില്‍ ഒളിച്ചോടുമെന്നുമായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകരോടായിരുന്നു പ്രസ്താവന. യുവതികളെ റൗണ്ട്ദി ക്ലോക്ക് പോലിസിങ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പെണ്‍മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് ഞാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, ഫോണുകള്‍ പതിവായി പരിശോധിക്കണം. ഇതെല്ലാം(സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍) അമ്മമാരുടെ അശ്രദ്ധ മൂലമാണ്-മീനാ കുമാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    'മാതാപിതാക്കളും സമൂഹവും എന്ന നിലയില്‍ അവരവര്‍ അവരുടെ പെണ്‍മക്കളെ പരിശോധിക്കണം. അവര്‍ എവിടേക്കാണ് പോവുന്നതെന്നും ഏത് ആണ്‍കുട്ടികളോടൊപ്പമാണ് ഇരിക്കുന്നതെന്നും എല്ലായ്‌പ്പോഴും നോക്കണം. അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണം. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കും. പിന്നീട് അവര്‍ ഒളിച്ചോടുന്നുവെന്നും അവര്‍ പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ മീനാ കുമാരി വിശദീകരണവുമായി രംഗത്തെത്തി. 'എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാന്‍ പറഞ്ഞത് മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ പഠനത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം എന്നാണ്. പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആണ്‍കുട്ടികളുമായി ഓടിപ്പോവുമെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍, മീനാകുമാരിയുടെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങളില്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

    ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ ഇതിനെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തി. 'ഇല്ല മാഡം, ഒരു പെണ്‍കുട്ടിയുടെ കൈയിലെ ഫോണ്‍ ബലാല്‍സംഗത്തിന് ഒരു കാരണമല്ല. ബലാല്‍സംഗത്തിന് കാരണം കുറ്റവാളികളുടെ മാനസികാവസ്ഥയെ ബാധിക്കുന്ന ഒരു മോശം സാമൂഹിക വ്യവസ്ഥയാണ്. എല്ലാ വനിതാ കമ്മീഷന്‍ അംഗങ്ങളെയും സെന്‍സിറ്റീവ് ചെയ്യാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു' എന്നും അവര്‍ ട്വീറ്റ് ചെയ്തു. 'അവരെ ഒരു ദിവസം ഡല്‍ഹി വനിതാ കമ്മീഷനിലേക്ക് അയയ്ക്കുക. എങ്ങനെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ചുകൊടുക്കാം. ഞങ്ങള്‍ അവരെ പഠിപ്പിക്കാമെന്നും സ്വാതി മാലിവാള്‍കൂട്ടിച്ചേര്‍ത്തു.

    ഉത്തര്‍പ്രദേശിലെ ബുദൗണില്‍ 50 കാരിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങിയിരുന്നില്ലെങ്കില്‍ ഒഴിവാക്കാമായിരുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവി പറഞ്ഞതിന് മാസങ്ങള്‍ക്ക് ശേഷമാണ് മീനാ കുമാരിയുടെ വിവാദ പരാമര്‍ശം.

"Girls Shouldn't Get Mobiles": UP Women's Commission Member On Rape Cases

Tags:    

Similar News