യുപിയിലെ ദലിത് പെണ്‍കുട്ടികളുടെ കൊലപാതകം; ബലാല്‍സംഗക്കൊലയ്ക്ക് കേസെടുത്തു
ലഖിംപൂര്‍ഖേരി: യുപിയിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ദലിത് സഹോദരിമാരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് കേസെടുത്തു.
ലഖിംപൂര്‍ ഖേരി ജില്ലയിലെ നിഘസന്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ലാല്‍പൂര്‍ മജ്‌ര തമോലി ഗ്രാമത്തിലെ മരത്തില്‍ ഇന്നലെ വൈകീട്ടാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എഫ്‌ഐആറില്‍ ഒരു പ്രതിയുടെ പേര് എടുത്തുപറഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്ന് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ തന്റെ മകളെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന്് പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞപ്പോള്‍ പ്രതികള്‍ തന്നെ മര്‍ദ്ദിച്ചതായും മാതാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയശേഷം കുടുംബവും പ്രദേശവാസികളും തിരച്ചില്‍നടത്തിയിരുന്നു. തുടര്‍ന്നാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. തന്റെ മകളെ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് മാതാവ് ആരോപിച്ചു.
പ്രതികള്‍ക്കെതിരേ കാലപാതകം, ബലാല്‍സംഗം തുടങ്ങി ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി ആശുത്രിയിലേക്ക് മാറ്റി. സ്വന്തം ദുപ്പട്ടയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെന്നും മറ്റ് മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നും ഐജി ലക്ഷ്മി സിങ് പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
സംഭവത്തിനുശേഷം പ്രദേശവാസികളും കുടുംബവും വഴി തടഞ്ഞിരുന്നു. റോഡിലെ തടസ്സം മാറ്റാന്‍ ആവശ്യപ്പെട്ട ജില്ലാ പോലിസ് മേധാവി സന്‍ജീവ് സുമനുമായി പ്രതിഷേധക്കാര്‍ വാക്ക് തര്‍ക്കം നടത്തി.
2014ല്‍ ബദോനിലും രണ്ട് സഹോദരിമാര്‍ സമാനമായ രീതിയില്‍ കൊലചെയ്യപ്പെട്ടിരുന്നു.
കൊലപാതകം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യോഗി സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ്സും എസ് പിയും രംഗത്തുവന്നു.
'യോഗി സര്‍ക്കാരിലെ ഗുണ്ടകള്‍ ദിനംപ്രതി അമ്മമാരെയും സഹോദരിമാരെയും ഉപദ്രവിക്കുന്നു. ലജ്ജാകരമാണ് ഇത്. സര്‍ക്കാര്‍ വിഷയം അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരേ കഠിനമായ ശിക്ഷ നല്‍കണം''- സമാജ് വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സംഭവത്തെ പ്രിയങ്കാ ഗാന്ധി വദ്ര അപലപിച്ചു.
'ലഖിംപൂരില്‍ (യുപി) രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം ഹൃദയഭേദകമാണ്. ആ പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. എല്ലാ ദിവസവും പത്രങ്ങളിലും ടിവിയിലും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നതുവഴി ക്രമസമാധാനം മെച്ചപ്പെടില്ല. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ യുപിയില്‍ വര്‍ധിക്കുന്നുണ്ടോ?'- പ്രിയങ്ക ചോദിച്ചു.