ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു

കോട്ടയം: ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു. നാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 76 വയസ്സായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്.

ദലിതുകളുടെയും കീഴാളവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്ന ആളാണ് കെ കെ കൊച്ച്. ദലിത് രാഷ്ട്രീയത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനായി ഔദോഗിക ജീവിതം തുടങ്ങിയ അദ്ദേഹം വിരമിച്ച ശേഷം മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ് ആത്മകഥയായ ദലിതന്‍. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിതന്‍ (ആത്മകഥ), മൂലധനത്തിന്റെ ജനാധിപത്യവല്‍ക്കരണവും കെ റെയിലും എന്നിവയാണ് പ്രധാന കൃതികള്‍. ദലിത് ചിന്തകന്‍ ബാബുരാജ് സഹോദരനാണ്.